Flash News

എം എം മണിക്കെതിരേയുള്ള ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി



കൊച്ചി: സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം എം മണിക്കെതിരെയുള്ള ഹരജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. എം എം മണി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പരാമര്‍ശങ്ങള്‍ കേരളീയ സമൂഹത്തിനു നിരക്കാത്തതാണെന്നും പൊതുപ്രവര്‍ത്തകരുടെ നിലവാരമില്ലാത്ത സംസാരങ്ങള്‍ മറ്റുള്ളവര്‍ക്കു മാനഹാനി വരുത്തുന്നതുമാണെന്നും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്ന ആളുകള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിയായി തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടി ജോര്‍ജ് വട്ടക്കുളമാണ് ഹരജി നല്‍കിയത്. തൊടുപുഴ 20 ഏക്കറില്‍ മൂന്നാറിലെ തോട്ടം തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ പൊമ്പിളൈ ഒരുമയ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 509, 186 വകുപ്പ് പ്രകാരം കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള വിവാദപരാമര്‍ശങ്ങള്‍ മന്ത്രിസഭയിലെ ഒരംഗം നടത്തിയിട്ടും അയാള്‍ക്കെതിരേ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് നിയമവിരുദ്ധമാണെന്നും നീതീകരിക്കാനാവാത്തതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.  ഒരു മന്ത്രിക്ക് ചേരാത്ത സംസാരമാണെന്നും, ഇതുമൂലം സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള സല്‍പേര് കളങ്കപ്പെട്ടുവെന്നും ഹരജിയില്‍ പറയുന്നു. ഹരജി മധ്യവേനലവധിക്കുശേഷം പരിഗണിക്കാനായി കോടതി മാറ്റി.
Next Story

RELATED STORIES

Share it