എം എം ജേക്കബിന് രാഷ്ട്രീയ കേരളം വിട നല്‍കി

കോട്ടയം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മേഘാലയ ഗവര്‍ണറും കേന്ദ്രമന്ത്രിയും രാജ്യസഭാ ഉപാധ്യക്ഷനുമായിരുന്ന എം എം ജേക്കബിന് ജനങ്ങളും സാമൂഹിക-രാഷ്ട്രീയ നേതൃത്വങ്ങളും വിട നല്‍കി. സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വങ്ങളും വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സംസ്ഥാന നേതാക്കളും എത്തിയിരുന്നു.
സംസ്‌കാരച്ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ രാമപുരം സെന്റ് അഗസ്റ്റിന്‍ ഫൊറോന പള്ളിയില്‍ നടന്നു. വീട്ടില്‍ നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് മാര്‍ ജേക്കബ് മുരിക്കന്‍ നേതൃത്വം നല്‍കി. രാമപുരം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ നടന്ന ചടങ്ങുകളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത എഐസിസി സെക്രട്ടറി മുകുള്‍ വാസ്‌നിക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അനുശോചന സന്ദേശം സംസ്‌കാരച്ചടങ്ങിനിടയില്‍ വായിച്ചു.
എം എം ജേക്കബിന്റെ മകള്‍ ജയയെ ഫോണില്‍ വിളിച്ച് സോണിയാ ഗാന്ധി അനുശോചനം അറിയിച്ചിരുന്നു. മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രി മാത്യു ടി തോമസ്, എംപിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, ജോസ് കെ മാണി, എംഎല്‍എമാരായ കെ എം മാണി, പി ജെ ജോസഫ്, എന്‍ ജയരാജ്, കെ മുരളീധരന്‍, കെ സി ജോസഫ്, പി ടി തോമസ്, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, വി ഡി സതീശന്‍, കെ എസ് ശബരീനാഥ്, തുടങ്ങി രാഷ്ട്രീയ, സാമൂഹികരംഗത്തെ പ്രമുഖര്‍ സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ചു. വീട്ടിലും പള്ളിയിലും പോലിസിന്റെ ഔദ്യോഗിക ബഹുമതികളോടെയാണു ചടങ്ങുകള്‍ നടത്തിയത്.
Next Story

RELATED STORIES

Share it