Flash News

എം എം അക്ബറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ എറണാകുളം പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡയറക്ടര്‍ എം എം അക്ബറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ദേവികാ ലാലാണ് ജാമ്യഹരജി തള്ളി ഉത്തരവിട്ടത്. സമൂഹത്തെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഈ കേസിലുള്ളതെന്നും ആരോപിക്കുന്ന കുറ്റങ്ങള്‍ നിസ്സാരമായി കാണാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസില്‍ അന്വേഷണം നടക്കുകയാണ്. ഇദ്ദേഹത്തിനെതിരേ മറ്റു രണ്ടു കേസുകള്‍ കൂടിയുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ഫെബ്രുവരി 25ന് ഹൈദരാബാദിലാണ് അക്ബറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതി അഞ്ചു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയ അക്ബറിനെ ഈ മാസം 12 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിനിടയിലായിരുന്നു ജാമ്യം തേടി അക്ബര്‍ കോടതിയെ സമീപിച്ചത്.
അതിനിടെ, മറ്റൊരു കേസില്‍ അക്ബറിനെ ഇരിങ്ങാലക്കുട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മാര്‍ച്ച് 20 വരെ റിമാന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട പടിയൂര്‍ പീസ് സ്‌കൂളിനെതിരേ രക്ഷിതാക്കള്‍ കാട്ടൂര്‍ പോലിസില്‍ നല്‍കിയ പരാതിലാണ് ഉത്തരവ്. ഈ കേസില്‍ 6ാം പ്രതിയാണ് അക്ബര്‍. പടിയൂരിലെ പീസ് സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ പുസ്തകങ്ങളില്‍ നിന്നു ദേശീയഗാനം അടങ്ങിയ പേജ് കീറിക്കളഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍, ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.
Next Story

RELATED STORIES

Share it