എം എം അക്ബറിന്റെ അറസ്റ്റ് അന്യായം, ഏകപക്ഷീയം: പി കെ അബ്ദുറബ്ബ് എംഎല്‍എ

തിരൂരങ്ങാടി: എം എം അക്ബറിനെതിരേയുള്ള നടപടി അന്യായമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് എംഎല്‍എ. മതസഹിഷ്ണുത വളര്‍ത്തുന്നതിനും മതപ്രബോധനവും സ്‌നേഹസംവാദങ്ങളും നടത്തി തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ച അക്ബറിനെതിരേയുള്ള നടപടി തികച്ചും ഏകപക്ഷീയമാണ്.
നാട്ടുകാരനെന്ന നിലയില്‍ അക്ബറിനെ വ്യക്തിപരമായി തന്നെ അറിയാം. നാളിതുവരെയായി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നാട്ടുകാര്‍ക്കൊന്നും ഒരു പരാതിയും ഉണ്ടായിട്ടില്ല. ഒരു കൊടുംഭീകരനെ അറസ്റ്റ് ചെയ്യുന്നതു പോലെയാണ് അറസ്റ്റും മറ്റു നടപടിക്രമങ്ങളും പോലിസ് സ്വീകരിച്ചത്. എന്നാല്‍, മതസ്പര്‍ധ വളര്‍ത്തിയെന്ന കുറ്റം ചുമത്തി ഇതേ വകുപ്പ് പ്രകാരം കേസെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്‍, ആര്‍ ബാലകൃഷ്ണപ്പിള്ള, ടി പി സെന്‍കുമാര്‍, ആര്‍എസ്എസ് നേതാവ് എന്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിക്കാത്ത പോലിസ്, എം എം അക്ബറിനെതിരേ നടത്തുന്ന നീക്കങ്ങള്‍ ഏകപക്ഷീയവും ഇരട്ടനീതിയുടെ അവസാനത്തെ ഉദാഹരണവുമാണ്.
ഇതിനെതിരേയുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും ഒരുമിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിത്. യുഎപിഎ എന്ന കരിനിയമം പോലെ 153(എ) എന്ന വകുപ്പും പിന്നാക്കക്കാര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും ഒരു സമുദായത്തിനുമെതിരേയും പ്രയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it