Kottayam Local

എംസി റോഡ് വികസനം : മൂന്നാംഘട്ട നിര്‍മാണം ആരംഭിച്ചു



ചങ്ങനാശ്ശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തില്‍ മൂന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹെഡ് പോസ്റ്റോഫിസ് ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗം വരെയുള്ള പണികളാണ് ഇന്നലെ ആരംഭിച്ചത്.സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി ജങ്ഷന്‍ വരെയുള്ള ഒന്നാം ഘട്ടവും പെരുന്ന റെഡ് സ്‌ക്വയര്‍ മുതല്‍  പോസ്‌റ്റോഫിസ് ജങ്ഷന്‍ വരെയുള്ള രണ്ടാംഘട്ടപണികളും കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നെങ്കിലും ചുരുക്കം ചില ജോലികള്‍ അവശേഷിച്ചിരിക്കെയാണ്്് മൂന്നാംഘട്ട പണികള്‍ ആരംഭിച്ചിട്ടുള്ളത്. അതിന്റെ ഭാഗമായി നഗരസഭാ മതില്‍ ഇന്നലെ പൊളിച്ചു തുടങ്ങി. ഒന്നര മീറ്ററോളം ഉള്ളിലേക്കു കയറിയായിരിക്കും ഇവിടെ സ്ഥലം എടുക്കുക. ഒപ്പം റോഡു പൊളിക്കുന്ന ജോലികളും ഇന്നലെ ആരംഭിച്ചു. നഗരസഭാ ജങ്ഷനു മുന്‍ഭാഗത്തു രാഷ്ട്രീയ നേതാക്കളുടെ സ്മരണക്കായി സ്ഥാപിച്ച സ്തൂപവും ഇന്നലെ പൊളിച്ചുമാറ്റി. കെഎസ്ആര്‍ടിസിക്കു മുന്‍ഭാഗം അല്‍പ്പം താഴ്ത്തിയാവും പുതിയ റോഡ് പണിയുക. അതൊടൊപ്പം പെരുന്ന ബസ് സ്റ്റാന്‍ഡ് മുതല്‍ വടക്കോട്ടുള്ള ഭാഗത്ത് റോഡ് ഉയര്‍ത്തുന്നുമുണ്ട്. ഇത് ഈ ഭാഗത്തെ കച്ചവടക്കാരെ സാരമായി ബാധിച്ചു കഴിഞ്ഞു. ഇവിടെ മിക്ക കടകളും ഇപ്പോള്‍ പുതിയ റോഡിനേക്കാള്‍ താഴെയാണുള്ളത്. ഇതു കച്ചവടത്തെ സാരമായി ബാധിക്കുമെന്നു കച്ചവടക്കാര്‍ പറയുന്നു. ഉടന്‍തന്നെ മൂന്നാം റീച്ചില്‍ ഓടകള്‍ സ്ഥാപിക്കുന്ന പണികളും നടക്കും. 20 ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കാന്‍ പാകത്തിലാണ് അതിവേഗം പണികള്‍ നടക്കുന്നത്. സ്‌കൂള്‍ തുറപ്പുമായി ബന്ധപ്പെട്ട് കച്ചവടത്തെ ബാധിക്കാത്ത വിധത്തിലും ഒപ്പം മഴ ആരംഭിക്കുന്നതിനു മുമ്പേയും പണികള്‍ തീര്‍ക്കാനാണ് ശ്രമമെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it