Flash News

എംബാപ്പെ രക്ഷകനായി; പെറുവിനെ വീഴ്ത്തി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍

എംബാപ്പെ രക്ഷകനായി; പെറുവിനെ വീഴ്ത്തി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍
X


എക്കാറ്റരിന്‍ ബര്‍ഗ്: റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഫ്രാന്‍സ്. ഗ്രൂപ്പ് സിയിലെ മല്‍സരത്തില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സ് മുട്ടുകുത്തിച്ചത്. മല്‍സരത്തിന്റെ അവസാന മിനിറ്റ് വരെ ശക്തമായ പോരാട്ടം പെറു പുറത്തെടുത്തെങ്കിലും 34ാം മിനിറ്റിലെ എംബാപ്പയുടെ ഗോളില്‍ ഫ്രാന്‍സ് വിജയം പിടിക്കുകയായിരുന്നു.
ഒലിവര്‍ ജിറൗഡിനെ കുന്തമുനയാക്കി 4-2-3-1 ഫോര്‍മാറ്റില്‍ ഫ്രാന്‍സ് ബൂട്ടണിയുമ്പോള്‍ അതേ ഫോര്‍മാറ്റില്‍ത്തന്നെയാണ് പെറുവും തന്ത്രം മെനഞ്ഞത്. മല്‍സരത്തിന്റെ തുടക്കത്തിലേ തന്നെ മികച്ച ചില മുന്നേറ്റങ്ങള്‍ ഫ്രാന്‍സ് നിര നടത്തി. ഏഴാം മിനിറ്റില്‍ത്തന്നെ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍ മികച്ചൊരു മുന്നേറ്റം കാഴ്ചവച്ചെങ്കിലും പെറുവിന്റെ പ്രതിരോധ കരുത്തിനെ ഭേദിക്കാനായില്ല. രണ്ട് മിനിറ്റിനുള്ളില്‍ പോള്‍ പോഗ്ബയും പെറു ഗോള്‍പോസ്റ്റിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഗോള്‍കീപ്പര്‍ തടുത്തിട്ടു. 11ാം മിനിറ്റിലും പോഗ്ബയുടെ മികച്ചൊരു നീക്കം ഫ്രാന്‍സിന് പ്രതീക്ഷ നല്‍കി. പോഗ്ബയുടെ ലോങ് റേഞ്ചര്‍ ഷോട്ട് നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് പുറത്തേക്കുപോയി. 14ാം മിനിറ്റില്‍ കോര്‍ണറിലൂടെ അക്കൗണ്ട് തുറക്കാന്‍ ഫ്രാന്‍സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.  ഗ്രിസ്മാന്റെ കോര്‍ണറിനെ പോസ്റ്റിലേക്കെത്തിക്കാന്‍ മാറ്റിയുഡിയുടെ ശ്രമം പോസ്റ്റിന് പുറത്തേക്ക് പോയി. രണ്ട് മിനിറ്റിനുള്ളില്‍ മാറ്റിയുഡിക്ക് മഞ്ഞക്കാര്‍ഡും ലഭിച്ചു. അതിവേഗ മുന്നേറ്റങ്ങളുമായി ഫ്രഞ്ച് പട കളം നിറഞ്ഞതോടെ പെറുനിരയുടെ പ്രതിരോധത്തിന്റെ പണി കൂടി. 23ാം മിനിറ്റില്‍ പെറു താരം ഗുരേറോയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ഒടുവില്‍ 34ാം മിനിറ്റില്‍ ഫ്രാന്‍സ് നിര അക്കൗണ്ട് തുറന്നു. പെറുവിന്റെ പ്രതിരോധത്തെ ഭേദിച്ച് പന്തുമായി മുന്നേറിയ ജിറൗഡ് ഉയര്‍ത്തി ബോക്‌സിലേക്ക് നല്‍കിയപ്പോള്‍ എംബാപ്പയ്ക്ക് മുന്നില്‍ ഗോള്‍പോസ്റ്റ് മാത്രം.  അനായാസം വലയിലേക്ക് പന്ത് തട്ടിയിടേണ്ടത് മാത്രമായിരുന്നു എംബാപ്പയുടെ പണി. ഇതോടെ ഫ്രാന്‍സിനായി ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും എംബാപ്പ സ്വന്തമാക്കി.  ഗോള്‍ നേടുമ്പോള്‍ 19 വയസും 183 ദിവസവുമാണ് എംബാപ്പയുടെ പ്രായം. പിന്നീടുള്ള ആദ്യ പകുതിയിലെ സമയത്ത് ഗോളകന്ന് നിന്നതോടെ ആദ്യ പകുതി 1-0ന് ഫ്രാന്‍സിനൊപ്പം. ആദ്യ പകുതിയില്‍ 52 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് പെറുവാണെങ്കിലും ഗോള്‍ശ്രമത്തില്‍ ഫ്രാന്‍സിനായിരുന്നു ആധിപത്യം. ആദ്യ പകുതിയില്‍ ഒമ്പത് തവണയാണ് ഫ്രാന്‍സ് പെറു ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. തിരിച്ച് നാല് തവണ മാത്രമാണ് പെറുവിന് ഗോള്‍ശ്രമം നടത്താനായത്.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ് ഫ്രാന്‍സിറങ്ങിയപ്പോള്‍ പെറു രണ്ട് മാറ്റങ്ങള്‍ ടീമില്‍ വരുത്തി. യോട്ടൂണിന് പകരം ഫാര്‍ഫനും റോഡ്രിഗ്യൂസിന് പകരം സാന്റാമരിയയും പെറു നിരയിലിറങ്ങി. രണ്ടാം പകുതിയില്‍ ശക്തമായ പോരാട്ടമാണ് പെറു പുറത്തെടുത്തത്. 50ാം മിനിറ്റില്‍ പെറു താരം അക്വീനോയുടെ ബുള്ളറ്റ് ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി പുറത്തുപോയില്ലായിരുന്നെങ്കില്‍ സമനിലയാശ്വാസം ടീമിന് കണ്ടെത്താമായിരുന്നു. ലീഡുയര്‍ത്താന്‍ ഫ്രാന്‍സ് താരങ്ങളും അക്കൗണ്ട് തുറക്കാന്‍ പെറുവും പോരാട്ടം കടുപ്പിച്ചതോടെ പോരാട്ടച്ചൂടേറി. 56ാംമിനിറ്റില്‍ പോഗ്ബ ഇടത് വിങിലൂടെ മികച്ചൊരു മുന്നേറ്റം കാഴ്ചവച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. 58ാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്തുവച്ച് പെറു താരം ഫെര്‍ണാണ്ടസ് കാറിലോ ഫൗളേറ്റ് വീണെങ്കിലും റഫറി ഫ്രീ കിക്ക് അനുവദിച്ചില്ല. 76ാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍ സ്‌കോറര്‍ എംബാപ്പയെ പിന്‍വലിച്ച് ഉസ്മാന്‍ ഡെംബല്ലെയെ കളത്തിലിറക്കി.  ഗോള്‍ മടക്കാന്‍ പെറു താരങ്ങള്‍ മൈതാനത്ത് പതിനെട്ടടവും പയറ്റുന്നുണ്ടെങ്കിലും ലക്ഷ്യം അകന്നു നിന്നു.  85ാം മിനിറ്റില്‍ ക്യൂവയ്ക്ക് പകരം റുയിഡാസിനെ പെറു കളത്തിലിറക്കിയെങ്കിലും ഫലം കാണുന്നില്ല. പിന്നീടുള്ള അവസാന സമയത്തും ഫ്രഞ്ച് പടയുടെ പ്രതിരോധ കരുത്തിനെവെല്ലാന്‍ പെറുവിന് സാധിക്കാതെ വന്നതോടെ ഏകപക്ഷീയമായ ഒരു ഗോളിന് ജയം ഫ്രഞ്ച് പടയ്‌ക്കൊപ്പം നിന്നു. 56 ശതമാനം പന്തടക്കിവച്ച പെറു 10 തവണയാണ് ഫ്രഞ്ച് ഗോള്‍മുഖം വിറപ്പിച്ചത്.
ഇതോടെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് സിയില്‍ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ രണ്ടാം തോല്‍വിയോടെ പെറു പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് ആസ്‌ത്രേലിയയെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ ഡെന്‍മാര്‍ക്കിനോട് 1-0ന് തോല്‍വി ഏറ്റുവാങ്ങിയാണ് പെറു ഫ്രാന്‍സിനെതിരേ ഇറങ്ങിയത്.
Next Story

RELATED STORIES

Share it