Kottayam Local

എംജി കലോല്‍സവം : മധ്യതിരുവിതാംകൂറിന്റെ തനതുകലകള്‍ സമന്വയിപ്പിച്ച് യുവജന ഘോഷയാത്ര



കോഴഞ്ചേരി: മധ്യതിരുവിതാംകൂറിന്റെ തനതുകലകള്‍ സമന്വയിപ്പിച്ച് യുവജന ഘോഷയാത്ര പമ്പാതീരത്തിനു നവ്യാനുഭവമായി. എംജി കലോല്‍സവത്തിന് മുന്നോടിയായാണ് ഘോഷായാത്ര നടന്നത്. പടയണിയും തെയ്യവും പ്രാചീന കലാരൂപങ്ങളും ജില്ലയിലെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതി തനത് കലാകാരന്‍മാര്‍ക്കൊപ്പം വിദ്യാര്‍ഥികളും കലാവിരുതുകള്‍ പ്രകടമാക്കി.ഘോഷയാത്ര സെന്റ് തോമസ് കോളജ് ഗ്രൗണ്ടില്‍ നിന്നാണ്് ആരംഭിച്ചത്. ശബരിമലയുടെ അടിവാരത്ത് പെരുന്നാട് ബിലീവേഴ്‌സ് എന്‍ജിനിയറിങ് കോളജ് മുതല്‍ തിരുവല്ല മാര്‍ത്തോമ്മാ കോളജ് വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഘോഷയാത്രയില്‍ അണിചേര്‍ന്നു. സ്വാഗത സംഘം ചെയര്‍മാന്‍ മുന്‍ എംഎല്‍എ എ പത്മകുമാര്‍, യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍മാന്‍ വി അജയ് നാഥ്, ജനറല്‍ സെക്രട്ടറി എം അനീഷ് കുമാര്‍, മല്ലപ്പുഴശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മനോജ് മാധവശേരില്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി  ഈശോ തുടങ്ങിയ ജനപ്രതിനിധികളും ഘോഷയാത്രക്ക് നേതൃത്വം നല്‍കി. കോളജ് ജങ്ഷന്‍ വഴി സി കേശവന്‍ സ്‌ക്വയറില്‍ എത്തി അഭിവാദ്യം അര്‍പ്പിച്ച ശേഷം ടൗണ്‍ ചുറ്റി വണ്‍വേ റോഡ് , ജില്ലാ ആശുപത്രി, ടിബി ജങ്ഷന്‍ വഴി നാലരയോടെ പ്രധാന വേദിയായ പഞ്ചായത്ത് സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറിലെത്തി. ആതിഥേയ കോളജായ സെന്റ് തോമസ് കോളജിലെ വിവിധ വകുപ്പുകളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ പ്രത്യേകമായി ഘോഷയാത്രയില്‍ അണിനിരന്നത് ശ്രദ്ധേയമായി. തൂവെള്ള വസ്ത്രം ധരിച്ച മുന്നൂറോളം വിദ്യാര്‍ഥികള്‍ പതാകയുമേന്തി നേതൃത്വം നല്‍കി. പടയണി, പഞ്ചാരിമേളം, നിശ്ചല ദൃശ്യങ്ങള്‍ എന്നിവയും മാറ്റുകൂട്ടി. കഥകളി, ആറന്മുള പള്ളിയോടം, ഓട്ടന്‍തുള്ളല്‍, വേലകളി എന്നിവയും ഘോഷയാത്രയെ ആകര്‍ഷകമാക്കി. ആറന്മുളയുടെ തനത് വഞ്ചിപ്പാട്ട് അവതരിപ്പിച്ചത് കാണികളുടെ കൈയ്യടി നേടി.
Next Story

RELATED STORIES

Share it