ernakulam local

എംഎല്‍എയുടെ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത് മാനേജ്‌മെന്റ് സ്‌കൂളുകള്‍



മട്ടാഞ്ചേരി: കൊച്ചി മണ്ഡലം എംഎല്‍എ കെ ജെ മാക്‌സിയുടെ അക്ഷരദീപം പദ്ധതി പ്രകാരമുള്ള അവാര്‍ഡുകളില്‍ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ പിന്നില്‍. ഒന്നാം സ്ഥാനം ഉള്‍പ്പെടെ ഭൂരിഭാഗം അവാര്‍ഡുകളും മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ സ്വന്തമാക്കിയപ്പോള്‍ അപ്രധാനമായ ചില പുരസ്‌ക്കാരങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് നേടാനായത്. കൊച്ചി മണ്ഡലത്തിലെ മൂന്ന് സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ ഇത്തവണ എസ്എസ്എല്‍സിക്ക് നൂറ് മേനി വിജയം നേടിയിരുന്നു. പ്രതികൂല സാഹചര്യങ്ങളോടേറ്റുമുട്ടിയാണ് ഇത്തരം സ്‌ക്കൂളുകള്‍ പരിമിതമായ സൗകര്യം ഉപയോഗിച്ച് വിജയം നേടുന്നത്.എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയുള്ളതാണ് അവാര്‍ഡ് നിര്‍ണ്ണയമെന്ന് പൊതുവേ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.മികച്ച ഹൈസ്‌ക്കൂളായി തെരഞ്ഞെടുക്കപ്പെട്ടത് ഫോര്‍ട്ട്‌കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസാണ് ഈ സ്‌ക്കൂളില്‍ എല്‍കെജി പ്രവേശനത്തിനുള്‍പ്പെടെ ഡൊണേഷന്‍ വാങ്ങുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.മികച്ച യു.പി.സ്‌ക്കൂളാകട്ടെ മട്ടാഞ്ചേരി ഗുജറാത്തി വിദ്യാലയുമാണ്.മികച്ച എല്‍.പി.സ്‌ക്കൂള്‍ മട്ടാഞ്ചേരി സെന്റ് മൈക്കിള്‍സ് സ്‌ക്കൂളിനേയുമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.ഒന്നാം സ്ഥാനത്തിന് ഏഴ് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് നാല് ലക്ഷവും മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷവും നല്‍കും.ഇതിന് പുറമേ ട്രോഫിയും ഫലകവും നല്‍കും.ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കുമ്പളങ്ങി ഒഎല്‍എഫ് രണ്ടാം സ്ഥാനവും പള്ളുരുത്തി എസ്ഡിപിവൈജിഎച്ച്എസ് മൂന്നാം സ്ഥാനവും  പുത്തന്‍ തോട് സര്‍ക്കാര്‍ ഹൈസ്‌ക്കൂള്‍ നാലാം സ്ഥാനവും മട്ടാഞ്ചേരി എച്ച്ഇഎച്ച്എംഎംഎച്ച്എസ് അഞ്ചാം സ്ഥാനവും നേടി. ഈ വിഭാഗത്തില്‍ ഒരു സര്‍ക്കാര്‍ സ്‌ക്കൂള്‍ മാത്രമാണ് നാലാം സ്ഥാനത്തെങ്കിലും എത്തിയത്. യു പി വിഭാഗത്തില്‍ കുമ്പളങ്ങി ഒഎല്‍എഫ് രണ്ടും പള്ളുരുത്തി ഒഎല്‍സിജിഎസ് മൂന്നും വൈപ്പിന്‍ കനോസ നാലും ഫോര്‍ട്ട്‌കൊച്ചി സെന്റ് ജോണ്‍ ഡി ബ്രിട്ടോ അഞ്ചും സ്ഥാനം നേടിയപ്പോള്‍ സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ പിന്നോക്കം പോയി. എല്‍ പി വിഭാഗത്തിലാകട്ടേ രണ്ടാം സ്ഥാനം സൗത്ത് ചെല്ലാനം സെന്റ് ജോര്‍ജ് സ്‌ക്കൂളിനാണ്. പള്ളുരുത്തി സെന്റ് സെബാസ്റ്റ്യന്‍ സ്‌ക്കൂള്‍ മൂന്നും സൗദി സെന്റ് ആന്റണിസ് സ്‌ക്കൂള്‍ നാലും മട്ടാഞ്ചേരി ടി ഡി സ്‌ക്കൂള്‍ അഞ്ചും സ്ഥാനം നേടി. ഇവിടെയും സര്‍ക്കാര്‍ സ്‌ക്കൂളുകള്‍ക്ക് പുരസ്‌ക്കാരം ഇല്ല. എച്ച്എസ്, യുപി, എല്‍പി വിഭാഗങ്ങളിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും. സമ്മാന തുക സ്‌കൂളിന്റെ വികസനത്തിനായി ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.അറുപത് സ്‌ക്കൂളുകളില്‍ നിന്നായി ഇരുപത്തിയേഴായിരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത അക്ഷര ദീപം പൊതു പരീക്ഷയുടെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണത്രേ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. മികച്ച പിടിഎ പുരസ്‌ക്കാരങ്ങളും മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ നേടി. മികച്ച അധ്യാപക പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗവും മാനേജ്‌മെന്റ് സ്‌ക്കൂളുകള്‍ നേടിയത് സര്‍ക്കാര്‍ സ്‌ക്കൂളുകുടെ നിലവാര തകര്‍ച്ചയാണ് സൂചിപ്പിക്കുന്നത്.
Next Story

RELATED STORIES

Share it