Kottayam Local

എംആര്‍ഐ സ്‌കാനിങ് സെന്ററില്‍ ജനറേറ്റര്‍ വേണമെന്ന ആവശ്യം ശക്തം

കോട്ടയം: മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന എംആര്‍ഐ സ്‌കാനിങ് സെന്ററില്‍ ജനറേറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു. അര്‍ധ സര്‍ക്കാര്‍ സ്ഥാപനമായ ഇവിടെ ദിവസേന നൂറു കണക്കിനു രോഗികളാണ് എംആര്‍ഐ സ്‌കാനിങിനായി എത്തുന്നത്.
എന്നാല്‍ വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ സ്‌കാന്‍ ചെയ്യാന്‍ കഴിയാതെ രോഗികളെ മടക്കി അയക്കുകയാണ്. കഴിഞ്ഞയാഴ്ചയില്‍ ഒരു ദിവസം പൂര്‍ണമായി വൈദ്യുതി ബന്ധം നിലച്ചിരുന്നു. ഇതിന്റെ പേരില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് രോഗികളുമായി വന്നവര്‍ ദുരിതത്തിലായി. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ എംആര്‍ഐ സ്‌കാനിങ് സെന്റര്‍ നിലവിലില്ല. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റിന്റെ നിയന്ത്രണത്തിലുള്ള ഹിന്ദ് ലാബ് ആണ് മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സ്‌കാനിങ് സെന്റര്‍. സ്വകാര്യ സ്‌കാനിങ് സെന്ററിനേക്കാള്‍ നിരക്ക് കുറവായതിനാല്‍ ഇവിടത്തെ സെന്ററിന് വിശ്രമമില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ഒരു രോഗിക്ക് സ്‌കാനിങിനായി ഡോക്ടര്‍ കുറിപ്പു എഴുതി കൊടുത്താല്‍ ശരാശരി രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും. ഗുരുതരമാവുന്ന രോഗികള്‍ക്ക് പോലും അടിയന്തര ഘട്ടങ്ങളില്‍ സ്‌കാനിങ്ങിനായി ബുദ്ധിമുട്ടുന്നു. മുന്‍കൂട്ടി ലഭിച്ച തിയ്യതിയും സമയവും കണക്കു കൂട്ടി രോഗിയുമായി ബന്ധുക്കള്‍ വാഹനത്തില്‍ എത്തിക്കഴിയുമ്പോഴാണ് വൈദ്യുതിയില്ലാത്തതിനാല്‍ രോഗികളോട് പിന്നീട് എത്തിച്ചേരാന്‍ പറഞ്ഞ് മടക്കി അയക്കുന്നത്.
ഇതു നിര്‍ധനരായ രോഗികളെ ബാധിക്കുന്നു. ചികില്‍സയില്‍ കഴിയുന്ന ഒരു രോഗിക്ക് സൗജന്യ (ആര്‍എസ്ബിവൈ) സ്‌കാനിങ് ലഭിക്കണമെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദിവസം മുതല്‍ നാലു ദിവസം പിന്നിട്ടെങ്കിലേ സൗജന്യ സ്‌കാനിങിന് അനുമതി നല്‍കാവൂ എന്നാണ് ആര്‍എസ്ബിവൈ അധികൃതരുടെ കര്‍ശന നിര്‍ദേശം. പൂര്‍ണമായും സ്വകാര്യ സ്ഥാപമാണ് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സിന്റെ ചുമതലക്കാര്‍ എന്നതിനാല്‍ ഇവരുടെ നിര്‍ദേശം പാലിക്കാന്‍ ആശുപത്രി അധികൃതരും നിര്‍ബന്ധിതരാവുകയാണ്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എത്തുന്ന ഒരു രോഗിക്ക് എല്ലാവിധത്തിലുള്ള സൗജന്യം ലഭിക്കണമെങ്കില്‍ മൂന്നാഴ്ചയെങ്കിലും കഷ്ടപ്പെടണം.
Next Story

RELATED STORIES

Share it