kozhikode local

എംആര്‍എഫ് കേന്ദ്രത്തെ ട്രഞ്ചിങ് ഗ്രൗണ്ടായി തെറ്റിദ്ധരിപ്പിക്കരുത്: നഗരസഭ

വടകര: സീറോ വേസ്റ്റ് പദ്ധതിയിലൂടെ വടകരയെ ശുചിത്വ നഗരമാക്കുന്നതിന്റെ ഭാഗമായി അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് വേര്‍തിരിക്കുന്ന കേന്ദ്രമായ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്ററിനെ(എംആര്‍എഫ്) ട്രഞ്ചിങ് ഗ്രൗണ്ടായി തെറ്റിദ്ധരിപ്പിക്കരുതെന്ന് നഗരസഭാ അധികൃതര്‍.
ഗ്രീന്‍സിറ്റി ക്ലീന്‍സിറ്റി സീറോ വേസ്റ്റ് പദ്ധതിയിലൂടെയാണ് വടകര നഗരത്തെ ശുചിത്വമാക്കാന്‍ നഗരസഭ തീരുമാനിച്ചത്. എന്നാല്‍ ഇതിനെ തകര്‍ക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായും, ചിലശക്തികളെ കൂട്ടുപിടിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ച് പദ്ധതി അട്ടിമറിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച വടകര ജെടി റോഡിലെ എംആര്‍എഫ് കേന്ദ്രത്തിനെതിരെയാണ് ട്രഞ്ചിങ് ഗ്രൗണ്ടെന്ന് വിശേഷിപ്പിച്ച് പദ്ധതിയെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുന്നത്.
നഗരസഭാ മാലിന്യമുക്തമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചത്. മാലിന്യത്താല്‍ നാട് മലിനവും ജനം രോഗിബാധിതരുമാവുന്ന സാഹചര്യത്തിലാണ് സമഗ്ര മാലിന്യ സംസ്‌കരണത്തിനായി നഗരസഭ പദ്ധതി ആവിഷ്‌കരിച്ചത്. ട്രഞ്ചിങ് ഗ്രൗണ്ടില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിവില്ലാതെ ഒരുമിച്ച് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത്യാധുനിക രീതിയില്‍ ശാസ്ത്രീയമായി കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ രണ്ടാംഘട്ട തരംതിരിക്കലിനും സംസ്‌കരണത്തിനുമായാണ് എംആര്‍എഫ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്.
കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ തരം തിരിച്ച് സ്റ്റീല്‍ റാക്കുകളില്‍ സൂക്ഷിച്ച് മൂന്ന് ദിവസത്തിനകം കൊണ്ടുപോകും. 16 ഇനങ്ങളിലായി വേര്‍തിരിക്കുന്ന പാഴ്‌വസ്തുക്കള്‍ കയറ്റി അയക്കുന്നതിനുള്ള താല്‍ക്കാലിക ഇടം മാത്രമാണ് എംആര്‍എഫ് കേന്ദ്രങ്ങള്‍. ഇത് മറച്ചുപിടിച്ചാണ് കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്നും നഗരസഭ അധികൃതര്‍ പറയുന്നു.
2016 ആഗസ്ത് 29ന് ചേര്‍ന്ന് മുനിസിപ്പല്‍ കൗണ്‍സിലിലാണ് കെഎസ്ആര്‍ടിസി ഡിപ്പോയെ എംആര്‍എഫ് കേന്ദ്രമാക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ കഴിഞ്ഞ മാസം കേന്ദ്രത്തിന്റെ പ്രവൃത്തി ആരംഭിച്ചതോടെയാണ് പ്രതിപക്ഷം തീരുമാനത്തിനെതിരെ രംഗത്ത് വന്നത്.
അങ്ങിനെയൊരു തീരുമാനം കൗണ്‍സില്‍ തീരുമാനിച്ചത് പ്രതിപക്ഷത്തിന്റെ അറിവോടെയല്ലെന്നും ചെയര്‍മാന്‍ കൗ ണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം. അതേസമയം എംആര്‍എഫ് ട്രഞ്ചിങ് ഗ്രൗണ്ടല്ലെന്നുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ അകറ്റാനായി നഗരസഭ നോട്ടീസുള്‍പ്പടെയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോവുകയാണ്.
Next Story

RELATED STORIES

Share it