malappuram local

ഊര്‍ങ്ങാട്ടിരിയില്‍ കുടിവെള്ള പ്രതിസന്ധി: ഗ്രാമപ്പഞ്ചായത്ത് നടപടി വൈകുന്നു

അരീക്കോട്: അരീക്കോട് ‘ഊ ര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിലായിരിക്കയാണ്. എടക്കാട്ടുപറമ്പ് വൈറ്റിലപ്പാറ, ഓടക്കയം, വടക്കുംമുറി, ചാലില്‍ കുന്ന്, കല്ലരട്ടി, തിരുത്തി, ഭാഗങ്ങളിലാണ് വേനല്‍ രൂക്ഷമായതിനെ തുടര്‍ന്ന് കുടിവെള്ള ക്ഷാമം നേരിടുന്നത്.
ജലക്ഷാമം നേരിടുന്ന ഘട്ടത്തില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അടിയന്തര നടപ്പടി സ്വീകരിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് ശ്രമിക്കുന്നില്ല എന്ന ആരോപണം ഉയരുന്നുണ്ട് ‘ജലക്ഷാമം ഏറെ നേരിടുന്ന ഈ പ്രദേശങ്ങളിലാണ് മുന്‍പ് ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ളപദ്ധതികള്‍ നടപ്പിലാക്കിയിരുന്നത്. അതുകൊണ്ടാണ് ജനപ്രതിനിധികള്‍ക്കെതിരെയും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനവുമായി വീട്ടമ്മമാര്‍ രംഗത്തെത്തിയത്. എടക്കാട്ടുപറമ്പില്‍ എട്ടിലേറെ കുടിവെള്ള പദ്ധതികളാണ് നടപ്പാക്കിയത്. 2008ല്‍ 20 ലക്ഷം മുടക്കി റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച വെറ്റിലപ്പാറ ഡ്രിങ്കിങ് വാട്ടര്‍ പ്രൊജക്ട് ക്രമക്കേട് കാരണം ഇതു വരെ പൂര്‍ത്തികരിച്ചിട്ടില്ല.
വടക്കും മുറി ദലിത് കോളനിക്ക് വേണ്ടി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മാണം തുടങ്ങിയ പദ്ധതി പൂര്‍ത്തികരിക്കാതെ ഫണ്ട് വാങ്ങുകയായിരുന്നു.  ഇതിനെതിരെ ഈ ഭാഗത്ത് ജനകീയ സമരങ്ങള്‍ നടന്നെങ്കിലും പദ്ധതി പൂര്‍ത്തികരിക്കാന്‍ കണ്‍വീനര്‍ക്ക് സാധിച്ചിട്ടില്ല’ കല്ലരട്ടിക്കല്‍ തിരുത്തി എസ് സി കോളനിയില്‍ കുടിവെള്ളത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു. പ്രദേശവാസിയായ യുഡിഎഫ് പ്രതിനിധി  പ്രസിഡന്റായി പഞ്ചായത്ത് ഭരണത്തിലിരുന്നപ്പോള്‍ പട്ടികജാതി ഫണ്ട് കുടിവെള്ള പദ്ധതിയുടെ മറവില്‍ ദുര്‍വ്യയം ചെയ്യുകയായിരുന്നുവെന്ന് കോളനിക്കാര്‍ പറയുന്നു. 2013 ല്‍ ആരംഭിച്ച ജലനിധി പദ്ധതിയും ഇഴയുകയാണ്. 23 കോടി ചെലവിട്ട് നടപ്പാക്കുന്ന ജലനിധി അഞ്ചു വര്‍ഷമായിട്ടും പദ്ധതി പൂര്‍ത്തികരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. 21 വാര്‍ഡുകളുള്ള ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തില്‍ 12 വാര്‍ഡുകള്‍കക്ക് പ്രയോജനം ലഭ്യമാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും പദ്ധതിയിലെ കാലതാമസം കാരണം ഈ വര്‍ഷവും പൂര്‍ത്തികരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതരില്‍ നിന്നുള്ള വിവരം.
കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതോടെ കുടുംബിനികള്‍ സമരവുമായി രംഗത്തിറങ്ങുമെന്ന് വീട്ടമ്മമാര്‍ പറഞ്ഞു. ഇതിനിടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഏറെ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളില്‍ വെള്ളമെത്തിക്കാന്‍ ശ്രമം തുടരുന്നുണ്ട് ചില വാഹന ഉടമകള്‍ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് 1000 ലിറ്ററിന് അഞ്ഞൂറ് രൂപ വാങ്ങുന്നുണ്ട്. ഗതികേട് കൊണ്ട് നല്‍കുകയാണന്ന് വീട്ടമ്മമാരും വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it