thrissur local

ഊരുവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മഹല്ല് കമ്മിറ്റി

മാള: കോവിലകത്ത്കുന്ന് മദ്‌റസക്കും കമ്മിറ്റിക്കും അധ്യാപകനുമെതിരേ  അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച കുഴിക്കണ്ടത്തില്‍ നിസാറിനെയോ കുടുംബത്തെയോ ഊരുവിലക്കിയിട്ടില്ലെന്ന് പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ല് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെറ്റായ  നടപടി പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്ന് മാത്രമാണ് മഹല്ല് കമ്മിറ്റി നിസാറിനോട് ആവശ്യപ്പെട്ടത്. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ പുത്തന്‍ചിറ പടിഞ്ഞാറെ  മഹല്ല് കമ്മിറ്റിക്ക് കീഴിലുള്ള കോവിലകത്ത്കുന്ന്  മദ്‌റസക്കും കമ്മിറ്റിക്കും അധ്യാപകര്‍ക്കുമെതിരെ കുഴിക്കണ്ടത്തില്‍ നിസാര്‍ ഫേസ്ബുക്ക് വഴിയും ചാനല്‍വഴിയും കുപ്രചരണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് തെറ്റ് തിരുത്താന്‍ മഹല്ല്  കമ്മിറ്റി ആവശ്യപ്പെട്ടത്.
നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള   കോവിലകത്ത്കുന്ന് ദലാഇലുല്‍ ഇസ്‌ലാം  മദ്‌റസയിലെ ഒരു അധ്യാപകന്‍ തന്റെ കുട്ടിയെ മാനസികമായി പീഢിപ്പിച്ചുവെന്ന നിലയില്‍ ഇയാള്‍ അടിസ്ഥാനരഹിതമായ പരാതി  ചൈല്‍ഡ് ലൈനില്‍ നല്‍കുകയും ഈ വാര്‍ത്ത  ചാനല്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തത്.    വ്യാജ പരാതി  ചൈല്‍ഡ് ലൈനില്‍ ഇയാള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നാട്ടുകാര്‍  സംഘടിച്ച് ഒപ്പിട്ട മാസ് പെറ്റിഷന്‍ മാള പോലീസ്  എസ്‌ഐക്ക് നല്‍കുന്നത്. ഇതോടെ ഇയാള്‍ ചാനലില്‍ മദ്‌റസ അധ്യാപകര്‍ തന്റെ മകളെ മാനസികമായി പീഢിപ്പിച്ചെന്നും  ഊരുവിലക്കിയെന്നും തെറ്റിദ്ധാരണയുളവാക്കുന്ന വാര്‍ത്ത നല്‍കുകയുണ്ടായി.
ഈ സാഹചര്യത്തിലാണ് മദ്‌റസ കമ്മിറ്റി  ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മാള പൊലീസില്‍ പരാതി നല്‍കിയത്. നിയമ നടപടി  ആവശ്യപ്പെട്ട് പൊലീസില്‍ പരാതി  നല്‍കിയതല്ലാതെ മറ്റൊരു നടപടിയും ഇയാള്‍ക്കെതിരെ മഹല്ല് കമ്മിറ്റിയുടെ ഭാഗത്ത്  നിന്നുണ്ടായിട്ടില്ലെന്നും ഏഷ്യാനെറ്റ് നല്‍കിയ തെറ്റായ വാര്‍ത്ത തിരുത്തണമെന്നും പങ്കെടുത്ത മഹല്ല് ചെയര്‍മാന്‍  എം ബി സെയ്തു  ,പ്രസിഡന്റ്  വി, എസ് മുഹമ്മദ് ,നവാസ്  റഹ്മാനി ,പി എ മുനീര്‍  എന്നിവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it