Flash News

ഊണും ഉറക്കവുമൊഴിച്ച് ചികില്‍സിച്ചു ; തിരികെ ലഭിച്ചത് വംശീയ അധിക്ഷേപം



ലണ്ടന്‍: മാഞ്ചസ്റ്റര്‍ ആക്രമണത്തിന്റെ ഇരകളെ രക്ഷിക്കാന്‍ ഊണും ഉറക്കവുമൊഴിച്ച് 48 മണിക്കൂര്‍ സേവനം ചെയ്ത പാക് വംശജനായ ഡോക്ടര്‍ക്ക് ലഭിച്ചത് വംശീയ അധിക്ഷേപം. പരിക്കേറ്റവരെ ചികില്‍സിക്കാനായി രണ്ടു ദിവസത്തോളം ഓടിനടന്ന 37കാരനായ ഡോക്ടര്‍ക്കാണ് കൈപ്പേറിയ അനുഭവമുണ്ടായത്.തീവ്രവാദിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും സ്വദേശത്തേക്ക് തിരിച്ചുപോവൂ എന്നു ആവശ്യപ്പെടുകയും ചെയ്തതായി ട്രോമ ഓര്‍ത്തോപീഡിക് സര്‍ജനായ നവീദ് യാസീന്‍ പറയുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി ജോലി ചെയ്ത ശേഷം വീട്ടില്‍പോയി തിരികെ സാല്‍ഫോര്‍ഡ് റോയല്‍ ആശുപത്രിയിലേക്ക് വരുംവഴിയാണ് മധ്യവയസ്‌കനായ ഒരാള്‍ തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിച്ചത്. തീവ്രവാദീ, നിങ്ങള്‍ നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചുപൊയ്‌ക്കൊള്ളണം, നിങ്ങളെപ്പോലുള്ളവര്‍ ഇവിടെ വേണ്ടെന്ന് ആക്രോശിച്ച് അയാള്‍ കയര്‍ത്തതായി ഡോക്ടര്‍ ആരോപിച്ചു. പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ കീഗ്‌ലിയില്‍ ജനിച്ചുവളര്‍ന്നയാളാണ് നവീദ് യാസീന്‍. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ട്രാഫോര്‍ഡിലാണ് ഇദ്ദേഹത്തിന്റെ താമസം. തന്റെ മൂത്ത മകളും സ്‌ഫോടനത്തിനിരയാവേണ്ടതായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. സ്‌കൂളില്‍ പോകേണ്ടതിനാല്‍ സംഗീത പരിപാടിക്ക് പോകേണ്ടെന്ന് മകളോട് പറയുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. തന്റെ തൊലിയുടെ നിറം കാരണമായി തന്റെ മേല്‍ വര്‍ഷിച്ച അസഭ്യവാക്കുകള്‍ വേദനയുണ്ടാക്കിയതായി ഡോക്ടര്‍ പറഞ്ഞു. 22 പേരാണ് മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങളില്‍ തീവ്രവലതു പക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വര്‍ധിച്ചുവരുന്നതിനിടെ വംശീയ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നിരവധി ആക്രമണങ്ങളാണ് അടുത്തിടെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.
Next Story

RELATED STORIES

Share it