kannur local

ഉറച്ച സോഷ്യലിസ്റ്റ്്; കര്‍മനിരതനായ നേതാവ്

ടി എം സി മുഹമ്മദ്

തൃക്കരിപ്പൂര്‍: അരനൂറ്റാണ്ടിലേറെക്കാലം രാഷ്ട്രീയ, സംസ്‌കാരിക, സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി കോരന്‍മാസ്റ്ററുടെ നിര്യാണത്തിലൂടെ കറകളഞ്ഞ സോഷ്യലിസ്റ്റ് നേതാവിനേയും കര്‍മ്മനിരതനായ നേതാവിനേയുമാണ് തൃക്കരിപ്പൂരിന് നഷ്ടമായത്. പ്രമുഖ സോഷ്യലിസ്റ്റും ജനതാദള്‍ പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനും സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായിരുന്ന കോരന്‍മാസ്റ്റര്‍ ഇന്നലെ രാവിലെയാണ് വിട പറഞ്ഞത്.നിര്യാണ വാര്‍ത്തയറിഞ്ഞ് ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച കോരന്‍ മാസ്റ്ററുടെ എളിമയും ലാളിത്യവും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് തലയെടുപ്പുള്ള സൗമ്യനായ നേതാവാക്കി മാറ്റി. അടിയന്തിരാവസ്ഥക്കാലത്ത് ക്രൂരമായ മര്‍ദ്ദനത്തിനിരയായ അദ്ദേഹം ഒരാഴ്ചക്കാലം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടങ്കലിലായിരുന്നു.അധ്യാപക സംഘടനാ രംഗത്ത് കെപിടിയു, കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചുസംസ്ഥാന ഗ്രന്ഥശാലാ സംഘത്തിന്റെയും പി എന്‍ പണിക്കരുടെയും സഹയാത്രികനായ അദ്ദേഹം ലൈബ്രറി കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു.കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡംഗമായിരിക്കെ പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ബസ്സനുവദിക്കുന്നതിന് മുന്‍കൈയെടുത്തത് തീരദേശ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമായി. കെഎംകെ സ്മാരക കലാസമിതി സ്ഥിരാംഗമായ അദ്ദേഹം സമിതി അവതരിപ്പിച്ച നാടകങ്ങളില്‍ സ്ത്രീ വേഷമുള്‍പ്പെടെ നിരവധി നാടകങ്ങളിലഭിനയിച്ചു.കുന്നച്ചേരി എഎല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകനായി വിരമിച്ച അദ്ദേഹം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു. തങ്കയം മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ വായനശാല  ഗ്രന്ഥാലയത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു. ഖസാക്കിന്റെ ഇതിഹാസം നാടകരൂപത്തില്‍ അരങ്ങിലെത്തിക്കുന്നതിന് കെഎംകെയുടെ മുന്‍ നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോ, തൃക്കരിപ്പൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ വികസനം, ടെലിഫോണ്‍ എക്‌സേഞ്ച് കെട്ടിട നിര്‍മാണം, തട്ടാര്‍കടവ് പാലം നിര്‍മാണം തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള പ്രയത്‌നത്തിലും മുന്‍പന്തിയിലായിരുന്നു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ജനതാദള്‍ നേതാക്കളായ എം വി ശ്രേയാംസ് കുമാര്‍, കെ പി മോഹനന്‍, സിപിഎം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണന്‍, എം രാജഗോപാല്‍ എംഎല്‍എ, മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, തൃക്കരിപ്പൂര്‍പഞ്ചായത്ത് പ്രസിഡന്റ് വി പി പി ഫൗസിയ, ജനതാദള്‍ നേതാക്കളായ പ്രഫ. ശങ്കരന്‍, സിദ്ദീഖലി മൊഗ്രാല്‍, ജനതാദള്‍ യുഡിഎഫ് വിഭാഗം നേതാക്കളായ എം എച്ച് ജനാര്‍ദ്ദന, ഗിരീഷ് കുന്നത്ത്, ഭാസകര കോട്ടൂര്‍, പി കരുണാകരന്‍, പി മധു, കമ്മാരന്‍ തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തങ്കയം സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it