ഉരുട്ടിക്കൊല: ശിക്ഷിച്ച പോലിസുകാര്‍ ഇപ്പോഴും സര്‍വീസില്‍; ആഭ്യന്തരവകുപ്പിന്റെ മെെല്ലപ്പോക്ക് ചര്‍ച്ചയാവുന്നു

തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച പോലിസുകാരെ സര്‍വീസില്‍ നിന്നു പുറത്താക്കുന്നതില്‍ ആഭ്യന്തരവകുപ്പിന് മെല്ലെപ്പോക്ക്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഉടന്‍ പുറത്താക്കണമെന്ന നിയമമിരിക്കെ വധശിക്ഷയ്ക്കു വിധിച്ച രണ്ട് പോലിസുകാരടക്ക—മുള്ള പ്രതികള്‍ക്കെതിരേ നാല് ദിവസമായിട്ടും നടപടി സ്വീകരിച്ചിട്ടില്ല.
കോടതി ഉത്തരവ് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്നാണ് പോലിസിന്റെ വിശദീകരണം. സര്‍വീസിലുള്ള പോലിസുകാരെ വധശിക്ഷയ്ക്ക് വിധിച്ച അത്യപൂര്‍വ വിധിയായിരുന്നു തിരുവനന്തപുരം സിബിഐ കോടതിയുടേത്.
തിരുവനന്തപുരം സിറ്റി ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയിലെ എഎസ്‌ഐ കെ ജിതകുമാര്‍, നാര്‍കോടിക് സെല്ലിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി അജിത്കുമാറിന് മൂന്ന് വര്‍ഷം കഠിനതടവും വിധിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശിക്ഷവിധിച്ചത്.
അതേസമയം ഇതുവരെയും ഇവരെ പോലിസില്‍ നിന്നു പുറത്താക്കി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയില്ല. ക്രിമിനല്‍ കേസില്‍ ഒരാഴ്ചയെങ്കിലും കോടതി ശിക്ഷിക്കുന്നയാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ തുടരരുതെന്ന് സര്‍വീസ് റൂളില്‍ വ്യക്തമാക്കുന്നുണ്ട്. കോടതി ശിക്ഷിച്ചാല്‍ ഉടന്‍ പുറത്താക്കണമെന്ന് പോലിസ് ആക്റ്റിലെ 86ാം വകുപ്പും നിഷ്‌കര്‍ഷിക്കുന്നു. വകുപ്പ് തല അന്വേഷണം നടത്തി പുറത്താക്കണമെന്നാണ് പോലിസ് ആക്റ്റ് പറയുന്നത്. എന്നാല്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനാല്‍ അന്വേഷണം കൂടാതെ പുറത്താക്കാന്‍ സാധിക്കുമെന്നിരിക്കെയാണ് പോലിസിന്റെ മെല്ലപ്പോക്ക്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും കിട്ടിയാലുട ന്‍ നടപടിയെടുക്കാനായി നിയമോപദേശം തേടുമെന്നുമാണ് പോലിസ് വിശദീകരിക്കുന്നത്.
പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേനയാണ് സര്‍ക്കാരിന് ഉത്തരവ് ലഭിക്കേണ്ടത്. എന്നാല്‍ ഈ കേസില്‍ ഹാജരായത് സിബിഐ അഭിഭാഷകനായതിനാല്‍ പ്രത്യേക അപേക്ഷ നല്‍കാതെ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഉത്തരവ് ലഭിക്കില്ല. അതേസമയം പകര്‍പ്പ് ലഭിക്കാന്‍ സര്‍ക്കാ ര്‍ ഇതുവരെ അപേക്ഷ നല്‍കിയില്ലെന്നതും ആക്ഷേപം ശരിവയ്ക്കുന്നു.
Next Story

RELATED STORIES

Share it