ഉരുട്ടിക്കൊല കേസില്‍ സിബിഐ കോടതി ഇന്ന് വിധിപറയും

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ ഉരുട്ടിക്കൊല കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധിപറയും. ആറു പോലിസുദ്യോഗസ്ഥര്‍ പ്രതിയായ കേസില്‍ 13 വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്.
മോഷണക്കുറ്റം ആരോപിച്ച് 2005 സപ്തംബര്‍ 27ന് ഫോര്‍ട്ട് പോലിസ് പിടികൂടിയ ഉദയകുമാറെന്ന യുവാവ് കസ്റ്റഡിയില്‍ മരണപ്പെടുകയായിരുന്നു. ശരീരത്തില്‍ പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയുള്ള മൃഗീയ പീഡനത്തെ തുടര്‍ന്ന് രക്തക്കുഴലുകള്‍ പൊട്ടിയാണ് യുവാവ് മരിച്ചത്. പ്രതികളായ പോലിസുകാരെ രക്ഷിക്കാനുള്ള നീക്കം നടന്നതോടെ ഉദയകുമാറിന്റെ മാതാവിന്റെ ഹരജിയില്‍ സിബിഐയാണ് കേസന്വേഷിച്ചത്. സംഭവദിവസം വൈകീട്ട് സുരേഷെന്നയാളെ അന്വേഷിച്ചെത്തിയ പോലിസ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉദയകുമാറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.  ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന 4200 രൂപ പോലിസുകാര്‍ തട്ടിയെടുത്തു. ഇത് തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഉദയകുമാര്‍ സ്റ്റേഷനില്‍ നിന്നതോടെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
അന്നത്തെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പോലിസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. കൊലക്ക് ശേഷം സ്റ്റേഷനിലെ എസ്‌ഐ, സിഐ, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ വ്യാജ രേഖയുണ്ടാക്കി ഉദയകുമാറിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി സിബിഐ കണ്ടെത്തി. അജിത്കുമാര്‍, ഇ കെ സാബു, ഹരിദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥരാണ് മറ്റു പ്രതികള്‍. വിചാരണയ്ക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചു. കേസിലെ നാലാം പ്രതി ഫോര്‍ട്ട് സ്റ്റേഷനിലെ എഎസ്‌ഐ ശശിധരന്‍ ഉള്‍പ്പെടെ ആറു പോലിസുകാര്‍ മാപ്പുസാക്ഷികളായി.
47 സാക്ഷികളില്‍ ഉദയകുമാറിനൊപ്പം പോലിസ് കസ്റ്റഡിയിലെടുത്ത പ്രധാന സാക്ഷി സുരേഷും ഒരു പോലിസുകാരനും കൂറുമാറി. കേസിലെ വാദം കഴിഞ്ഞ ആറിന് പൂര്‍ത്തിയായിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ചു മൂന്നു പോലിസുകാര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയതിനെ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.
Next Story

RELATED STORIES

Share it