Religion

ഉമറിലൂടെ കരുത്താര്‍ജ്ജിച്ച ഇസ്‌ലാം

ഉമറിലൂടെ കരുത്താര്‍ജ്ജിച്ച ഇസ്‌ലാം
X


മരുഭൂമിയിലെ വസന്തം-ഭാഗം 4
പ്രവാചക ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള പരമ്പര

ഇംതിഹാന്‍ ഒ അബ്ദുല്ല

ഊരിപ്പിടിച്ച വാളുമായി കുതിരപ്പുറത്ത് കുതിച്ചു പായുകയാണയാള്‍. ശരീരം കോപം കൊണ്ട് വിറക്കുന്നുണ്ട്. കണ്ണുകള്‍ ചുവന്നിരുണ്ടിരിക്കുന്നു. യജമാനന്റെ മനോനില മനസ്സിലാക്കിയിട്ടെന്നവണ്ണം അയാളുടെ കറുത്ത കുതിരയും കണ്ണില്‍ കണ്ടതെല്ലാം തട്ടിത്തെറിപ്പിച്ച് ഓടുകയാണ്. ആ കുതിരയും യാത്രക്കാരനും മക്കാനിവാസികള്‍ക്ക് അപരിചിതരല്ല. ഖത്താബിന്റെ പുത്രന്‍ ഉമറാണത്. ധീരശൂര പരാക്രമി. അമ്പെയ്ത്തിലും ദ്വന്ദയുദ്ധത്തിലും ശൂരതയിലും കിടയറ്റ പോരാളി. ദയ എന്ന പദം ഉമറിന്റെ നിഘണ്ടുവിലില്ല. ഖുറൈശി പാരമ്പര്യത്തിലും ഗോത്രമഹിമയിലും അടങ്ങാത്ത അഭിമാനവും. തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പാക്കാന്‍ ആരെയും കൂസാത്ത പ്രകൃതം. ഉമര്‍ എന്തിനെങ്കിലും ഇറങ്ങിപുറപ്പെട്ടാല്‍ ആ കൃത്യം നിറവേറ്റിയിട്ടേ ഇന്നേവരെ അടങ്ങിയിട്ടുളളൂ. അതിനു മുമ്പിലുളള പ്രതിബന്ധങ്ങളെന്തു തന്നെ ആയാലും തട്ടിമാറ്റിയിരിക്കും. ജീവനില്‍കൊതിയുളളവരാരും ഉമറിനോട് ഏറ്റുമുട്ടാന്‍ പോകില്ലെന്നതാണു നേര്.
രോക്ഷാകുലനായി കൊടുങ്കാറ്റു പോലുളള ഉമറിന്റെ വരവ് കണ്ട ജനങ്ങളില്‍ മിക്കവാറും പേര്‍ കണ്‍വെട്ടത്തു നിന്ന് ഓടി രക്ഷപ്പെട്ടു. പോകുന്ന പോക്കില്‍ വഴിയില്‍ കാണുന്നവര്‍ക്കും ഒരു വിഹിതം കിട്ടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഉമറിന്റെ പോക്കു കണ്ട നുഅയ്യിം ഇബ്‌നു അബ്ദുല്ല ഉമറിന്റെ മനസ്സിലിരിപ്പ് ഊഹിച്ചിട്ടെന്നവണ്ണം ഉമറിന്റെ അടുത്ത് വന്ന് കുശലം ചോദിക്കാന്‍ ധൈര്യപ്പെട്ടു. ഉമര്‍ എങ്ങോട്ടാണ്? നുഅയ്യിം ചോദിച്ചു. ദാറുല്‍ അര്‍ഖമിലേക്ക്. നമ്മുടെ ദൈവങ്ങളെ തളളിപ്പറയുകയും ഖുറൈശികളെ പരസ്പരം ഭിന്നിപ്പിക്കുകയും ചെയ്യുന്ന ആ മുഹമ്മദിന്റെ അരികിലേക്ക്. പുതിയ മതത്തോട് ഉളളില്‍ ഇഷ്ടം സൂക്ഷിച്ചിരുന്ന നുഅയ്യിം ധൈര്യം സംഭരിച്ച് ഉമറിനോട് പറഞ്ഞു: ഉമറേ,അത് നല്ലതിനല്ല ബനൂഹാശിം കുടുംബം താങ്കളെ വെറുതെ വിടില്ല. അതെല്ലാം ഞാന്‍ നോക്കിക്കൊളളാം. ഖുറൈശികളെ ഭിന്നിപ്പിക്കുന്നവന്‍ ഇനി ഒരു ദിവസം പോലും ജീവിച്ചിരുന്നു കൂടാ.
പ്രവാചകവധത്തിന് ഉദ്യുക്തനായി മുന്നേറുന്ന ഉമറിന്റെ ലക്ഷ്യം തെറ്റിക്കുകയെന്ന ഉദ്ദേശത്തോടെ നുഅയ്യിം തന്റെ അവസാന അടവ് പുറത്തെടുത്തു. നുഅയ്യിം ചോദിച്ചു: ആദ്യം സ്വന്തം കുടുംബം നന്നാക്കിയിട്ടു പോരേ മറ്റുളളവരുടെ കാര്യത്തില്‍ ഇടപെടല്‍. എന്താ,എന്താണ് എന്റെ കുടുംബത്തില്‍ കുഴപ്പം. എന്റെ കുടുംബത്തില്‍ ആരാണ് മുഹമ്മദിനെ പിന്‍പറ്റി മതം മാറിയത്? ഉമര്‍ ചോദിച്ചു. നിങ്ങളുടെ സഹോദരി ഫാതിമയും അവരുടെ ഭര്‍ത്താവും തന്നെ. നുഅയ്യിം മറുപടി നല്‍കി. ഖത്താബിന്റെ മകള്‍ മുഹമ്മദിനെ പിന്‍പറ്റി ഖുറൈശികളെ അപമാനിച്ചെന്നോ എന്നു ചോദിച്ചു കൊണ്ട് ഉമര്‍ നേരെ സഹോദരീഗൃഹം ലക്ഷ്യമാക്കി കുതിരയെ പായിപ്പിച്ചു.
ഉമര്‍ ഫാതിമയുടെ വീട്ടിലെത്തിയ സമയത്ത് ഫാതിമയും ഭര്‍ത്താവ് സഈദ്ബ്‌നുസൈദും കതകടച്ചിരുന്ന് വിശ്വാസിയും വിമോചിത അടിമയുമായ ഖബ്ബാബ്ബ്‌നു അറത്തില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുകയായിരുന്നു. ഫാതിമ വാതില്‍ തുറക്കൂ എന്നു പറഞ്ഞു കൊണ്ട് കതകില്‍ ശക്തിയായി മുട്ടി. ഉമറിന്റെ ശബ്ദം കേട്ടതോടെ വീട് നിശബ്ദമായി. എല്ലാം അറിഞ്ഞതിനു ശേഷമുളള വരവാണ്് ഉമറിന്റേതെന്നും ഇനി ഒന്നും ഒളിച്ചു വെക്കുക സാധ്യമല്ലെന്നും അവര്‍ക്ക് ബോധ്യമായി. എങ്കിലും ഫാതിമ ഖബ്ബാബിനെ ഓതിക്കൊണ്ടിരുന്ന ഖുര്‍ആന്‍ ഏടുകള്‍ സഹിതം വീടിനുളളില്‍ ഒളിപ്പിച്ചു. അപ്പോഴേക്കും ഉമര്‍ വാതില്‍ ചവിട്ടി തുറന്നിരുന്നു.
എന്താണ് ഇവിടെ ഒരു ശബ്ദം കേട്ടത്, ഉമര്‍ ആരാഞ്ഞു. പ്രത്യേകിച്ച് ഒന്നുമില്ല. സഈദ് അന്തരീക്ഷം ലഘൂകരിക്കാന്‍ ഒരു ചെറിയ ശ്രമം നടത്തി നോക്കി. സഈദിന്റെ മുഖത്ത്  ഉമര്‍ ശക്തിയായി പ്രഹരിച്ചു. സത്യം പറയൂ,നിങ്ങള്‍ എന്താണ് ചെയ്തിരുന്നത്. നിങ്ങള്‍ പാരായണം ചെയ്തിരുന്നത് എന്താണ്. നിങ്ങള്‍ രണ്ടു പേരും മുഹമ്മദിന്റെ മാര്‍ഗം പിന്‍പറ്റി എന്നു കേള്‍ക്കുന്നത് ശരിയാണോ? ഉമര്‍ വന്നിരിക്കുന്നത് എല്ലാം മനസ്സിലാക്കിയിട്ടാണെന്ന് തിരിച്ചറിഞ്ഞ ഫാതിമ ധൈര്യം അവലംബിച്ചുക്കൊണ്ട് പറഞ്ഞു: അതെ ഞങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. താങ്കള്‍ക്ക്  ഇഷ്ടമുളളത് ചെയ്യാം.  ഫാതിമ പറഞ്ഞ് തീരുന്നതിന് മുമ്പ് ഉമറിന്റെ കരം ഫാതിമയുടെ കവിളത്ത് പതിച്ചു. ഫാതിമയുടെ മുഖം പൊട്ടി രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി. പക്ഷെ അപ്പോഴും ഫാതിമ പതറിയില്ല. അവര്‍ അപ്പോഴും ശഹാദത്ത് കലിമ ഉറക്കെ ചൊല്ലുകയായിരുന്നു. ഉമര്‍ ഇസലാം സ്വീകരിച്ച സഹോദരിയെയും ഭര്‍ത്താവിനെയും വകവരുത്താനായിരുന്നു വന്നിരുന്നതെങ്കിലും സഹോദരിയുടെ രക്തം കണ്ടതോടെ അദ്ദേഹത്തിന് മാനസാന്തരമുണ്ടായി. അരുതാത്തത് സംഭവിച്ചതു പോലെ അദ്ദേഹം ശാന്തനായി. മാത്രമല്ല  ഉമര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ പേടിച്ച് വിറച്ചിരുന്ന സഹോദരിയെ തന്റെ മുഖത്തു നോക്കി ആര്‍ജ്ജവത്തോടെ സംസാരിക്കാന്‍ ധൈര്യം നല്‍കിയ ഇസലാമിനെക്കുറിച്ച് മനസ്സിലാക്കാനുളള താല്‍പര്യവും ആദ്യമായി ഉമറില്‍ ഉളവായി. അനുസരണയുളള കുട്ടിയെപ്പോലെ വിനീതനായി ഉമര്‍ സഹോദരിയോട് നിങ്ങള്‍ വായിച്ചുക്കൊണ്ടിരുന്നത് എന്നെയൊന്ന് കേള്‍പ്പിക്കാമോയെന്നാരാഞ്ഞു. പോയി കുളിച്ചു ശുദ്ധിയായി വരൂ എങ്കില്‍ കേള്‍പ്പിക്കാമെന്ന് ഫാതിമ മറുപടി നല്‍കി.
കുളികഴിഞ്ഞെത്തിയ ഉമറിന് വിശുദ്ധ ഖുര്‍ആനിലെ ത്വാഹാ അധ്യായത്തിന്റെ ആദ്യ ഭാഗങ്ങള്‍ സഈദ് വായിച്ചു കേള്‍പ്പിച്ചു. ആ വചനങ്ങള്‍ ഉമറില്‍ അന്നു വരെ അനുഭവിച്ചിട്ടില്ലാത്ത വികാരവിസ്‌പോടനങ്ങള്‍ സൃഷ്ടിച്ചു. അറബി ഭാഷയിലും സാഹിത്യത്തിലും നല്ല വ്യുല്‍പത്തിയുളള താന്‍ ഇത്തരത്തിലുളള വാചകങ്ങള്‍ ഇന്നു വരെ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല.  ഉമര്‍ അറിയാതെ പറഞ്ഞു പോയി 'എത്ര നല്ല വാചകങ്ങള്‍, ഈ വചനങ്ങള്‍ മനുഷ്യസൃഷ്ടിയാവാന്‍ യാതൊരു സാധ്യതയുമില്ല. ഉമറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ രംഗം അനുകൂലമാണെന്ന് മനസ്സിലാക്കി ഒളിച്ചു നിന്നിരുന്ന ഖബ്ബാബ് പുറത്തു വന്ന് ഉമറിനോട് പറഞ്ഞു: ഉമറേ, സന്തോഷിക്കൂ, രണ്ടാലൊരു ഉമറിനെക്കൊണ്ട് (രണശൂരതയിലും ഇസലാമിനോടുളള വൈരാഗ്യത്തിലും മുന്നിട്ടു നിന്നിരുന്ന ഉമറുബ്‌നുല്‍ഖത്താബും അബൂജഹലുമാണ് വിവക്ഷ) ഇസ്‌ലാമിനെ ശക്തിപ്പെടുത്തേണമേയെന്ന് പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിരിക്കുന്നു. പ്രവാചകന്റെ പ്രാര്‍ത്ഥനയിലൂടെ സന്മാര്‍ഗം കരസ്ഥമാകാനുളള ഭാഗ്യം താങ്കള്‍ക്കു തന്നെ ലഭിക്കട്ടെ. ഖബ്ബാബിന്റെ വാക്കുകള്‍ കൂടി കേട്ടതോടെ പ്രവാചകനെ കാണുവാനും അദ്ദേഹത്തോട് അനുസരണ പ്രതിജ്ഞ ചെയ്യുവാനും ഉമറിന് ധൃതിയായി. ഖബ്ബാബിനോടും സഈദിനോടുമൊപ്പം ഉമര്‍ പ്രവാചകന്റെ പ്രവര്‍ത്തന കേന്ദ്രമായ ദാറുല്‍ അര്‍ഖമിലേക്ക് പുറപ്പെട്ടു. തക്ബീര്‍ ധ്വനികള്‍ മുഴക്കിയാണ് ഉമറിന്റെ ഇസലാമാശ്ലേഷണത്തെ വിശ്വാസികള്‍ വരവേറ്റത്.
ഉമറിന്റെ ഇസ്‌ലാം ആശ്ലേഷണം മക്കയില്‍ ഉദയം കൊണ്ട പുതിയ സംഘത്തിന് ആവേശവും കരുത്തും പകരുന്നതായിരുന്നു. ഉമര്‍ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷമാണ് മുസലിംകള്‍ പരസ്യമായി ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ തുടങ്ങിയത്. എവിടെയായിരുന്നുവോ ഉമര്‍ നിലകൊണ്ടിരുന്നത്, പൂര്‍ണമായും അതായിരുന്നു ഉമര്‍. ജാഹിലിയ്യത്തിലായിരുന്നപ്പോള്‍ അടിമുടി ജാഹിലിയ്യത്ത്. ഇസ്‌ലാമിലായപ്പോള്‍ കറകളഞ്ഞ മുസ്‌ലിമും. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് സത്യമാണെന്ന് പൂര്‍ണ ബോധ്യമുളള ഇസ്‌ലാമില്‍ വിശ്വസിച്ചതിന്റെ പേരില്‍ പാത്തും പതുങ്ങിയും ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്ന് ഉമറിന് തോന്നി. അദ്ദേഹം പ്രവാചകനോട് ചോദിച്ചു: മുസ്‌ലിംകളായ നാം മരണത്തിലും ജീവിതത്തിലും സത്യത്തില്‍ തന്നെയല്ലേ? അതെ പ്രവാചകന്‍ മറുപടി നല്‍കി. എങ്കില്‍ പിന്നെ നാം എന്തിന് ഒളിച്ചു കഴിയണം. അങ്ങ് പുറത്തിറങ്ങണം. കൂടെ ഞങ്ങളുമുണ്ടാകും. ഉമറിന്റെ നിര്‍ദ്ദേശം പ്രവാചകന്‍ അംഗീകരിച്ചു. ഉമറിനോളം തന്നെ ശൂരപരാക്രമിയും പ്രവാചക പിതൃവ്യനുമായ ഹംസത്തുബ്‌നു അബ്ദുല്‍മുത്തലിബും അക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിരുന്നു. ഇരുവരുടേയും അകമ്പടിയോടെ പ്രവാചകനും വിശ്വാസികളും ആദ്യമായി സംഘടിത കഅ്ബാപ്രദക്ഷിണം നടത്തി.
Next Story

RELATED STORIES

Share it