ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പുടിന്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായാണ് പുടിന്‍ മോദിയെ സന്ദര്‍ശിച്ചത്.
നരേന്ദ്രമോദിയുമായിട്ടുള്ള വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ഇന്ത്യ-റഷ്യ പ്രതിരോധ ഇടപാടും വിഷയമാവും. റഷ്യയില്‍ നിന്ന്് ഇന്ത്യ എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാറില്‍ ഇരുരാഷ്ട്രങ്ങളും ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.
യുഎസ് ഉപരോധം കാരണം ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിനുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഇന്ത്യന്‍- റഷ്യന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചചെയ്യും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, എന്നിവരുമായി പുടിന്‍ ചര്‍ച്ച നടത്തും.
റഷ്യയിലെ പ്രതിരോധ നിര്‍മാണ സ്ഥാപനങ്ങള്‍ക്കെതിരായ യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമുണ്ടാവും.
റഷ്യയില്‍ നിന്ന് എസ് 400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങിക്കുന്നതിനുള്ള കരാരാണ് ഉച്ചകോടതിയിലെ മുഖ്യ അജണ്ട. 500 കോടി ഡോളറിന്റെ ഇടപാടിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവയ്ക്കാനൊരുങ്ങുന്നത്. റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഉപരോധമേര്‍പ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടതിയുടെ 19ാം പതിപ്പാണ് ഇന്ന് നടക്കുന്നത്.

Next Story

RELATED STORIES

Share it