ഉപേക്ഷിച്ച പാറമടകള്‍ പാട്ടത്തിന് എടുത്തവര്‍ സംരക്ഷിക്കണം

കൊച്ചി: പാട്ടക്കാലാവധി അവസാനിച്ച ശേഷം ഉപേക്ഷിക്കുന്ന പാറമടകളില്‍ ഭാവിയില്‍ അപകടമുണ്ടാവാതിരിക്കാന്‍ പാട്ടത്തിനെടുത്ത കക്ഷികളെ കൊണ്ടുതന്നെ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള പാറമടയുടെ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട ജിയോളജിസ്റ്റിന് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പരിസ്ഥിതി പഠനം പാഠ്യവിഷയമാക്കിയ വിദ്യാര്‍ഥികളുടെ ഗ്രൂപ്പുണ്ടാക്കി ഉപയോഗശൂന്യമായ പാറമടകളുടെ സംരക്ഷണം സംബന്ധിച്ചുള്ള ഉത്തരവാദിത്തം ഏറ്റെടുപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. പ്രസ്തുത ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ പാറമട സംരക്ഷണ ഫണ്ടിന്റെ ചെലവില്‍ ഉപയോഗശൂന്യമായ പാറമടകള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പാക്കണം. എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനരഹിതമായ മുഴുവന്‍ പാറമടകളിലും സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് സംബന്ധിച്ച് രണ്ട് മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. പെരുമ്പാവൂര്‍ മുടക്കുഴ പൊട്ടമലയിലെ 100 ഏക്കര്‍ വരുന്ന 40 പാറമടകള്‍ക്കും ഇത്തരത്തില്‍ സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി തോമസ് കെ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണു നടപടി.  2017 നവംബര്‍ 15ന് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച യോഗം ചേര്‍ന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. പാറമട നടത്തിയ ശേഷം ഉപേക്ഷിച്ചവരില്‍ പലരും പാറമട സംരക്ഷണ ഫണ്ട് അടയ്ക്കാത്തവരാണെന്ന് പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it