ഉപവാസം: പ്രഫ. ജി ഡി അഗര്‍വാള്‍ അന്തരിച്ചു

ഡെറാഡൂണ്‍: ഗംഗ ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് 111 ദിവസം ഉപവാസം നടത്തിയ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. ജിഡി അഗര്‍വാള്‍ എന്ന സ്വാമി ഗ്യാനസ്വരൂപ് സാനന്ദ്്് (87) അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഹരിദ്വാറിലായിരുന്നു അന്ത്യം. എയിംസില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി മത്രിസദാന്‍ ആശ്രമത്തിലേക്കു മാറിയിരുന്നു. ശേഷം ആരോഗ്യനില വഷളായിരുന്നു. രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞതായി ആശ്രമം അവസാനമായി ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.
ഗംഗ മലിനമായെന്നും ശുദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ഐഐടി പ്രഫസറായ ഇദ്ദേഹം ജൂണിലാണ് ഉപവാസം തുടങ്ങിയത്. ഗംഗയെ പ്രതികൂലമായി ബാധിക്കുന്ന ഹൈഡ്രോ പവര്‍ പ്രൊജക്റ്റ് നിര്‍ത്തിവയ്ക്കണം. ഗംഗാ സംരക്ഷണ മാനേജ്‌മെന്റ് ആക്റ്റ് നടപ്പാക്കാന്‍ നിയമനിര്‍മാണം വേണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. യുപിഎ ഭരണകാലത്തു രൂപംകൊടുത്ത നാഷനല്‍ റിവര്‍ ഗംഗാ ബേസിന്‍ അതോറിറ്റിയില്‍ അംഗമാണ് അദ്ദേഹം.
ഭഗീരധി നദിയിലെ 600 മെഗാവാട്ട് ലോഹരി നാഗ്പാല പദ്ധതി വെള്ളത്തിന്റെ സ്വതന്ത്ര ഒഴുക്കിനെ തടസ്സപ്പെടുത്തുമെന്നും അതിനാല്‍ പദ്ധതി നിര്‍ത്തണമെന്നുമാവശ്യപ്പെട്ട്് 2010ല്‍ അദ്ദേഹം 38 ദിവസം ഉപവാസ സമരം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it