Pravasi

ഉപരിപഠനത്തിന് ചേരുന്ന സ്വദേശികളുടെ എണ്ണം വര്‍ധിച്ചു



ദോഹ: രാജ്യത്ത് ഉപരിപഠനത്തിനു ചേരുന്ന സ്വദേശി വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. സര്‍ക്കാര്‍, സ്വകാര്യ യൂനിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യര്‍ഥികള്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രീതികളെയും പ്രവണതകളെയും കുറിച്ച് നടത്തിയ പഠനം കണ്ടെത്തുന്നു. 2011ല്‍ 9,164 പേര്‍ മാത്രം ബിരുദ പഠനത്തിന് എന്റോള്‍ ചെയ്തപ്പോള്‍ നാലു വര്‍ഷം കൊണ്ട് ഇത് 17,503 ആയി ഉയര്‍ന്നു. വികസനാസൂത്രണ സ്ഥിതിവിവര മന്ത്രാലത്തിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി സോഷ്യല്‍ ആന്റ് ഇക്കോണമിക് സര്‍വേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ പോളിസി അനലിസ്റ്റ് ഡോ. നദ അബ്ദുല്‍ ഖാദിര്‍ ബിന്‍ മന്‍സൂര്‍ ആണ് പഠനം നടത്തിയത്. ഖത്തരി വിദ്യാര്‍ഥികളില്‍ 68 ശതമാനവും വനിതകളാണ്. വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ നാലു വര്‍ഷ കാലയളവില്‍ 70.5 ശതമാനമാണ് ഉയര്‍ന്നത്. ഉപരി പഠനം നടത്തുന്നവരില്‍ 87 ശതമാനം പേരും പൊതുവിദ്യാലയങ്ങളിലാണ് രജിസ്റ്റര്‍ ചെയ്യുന്നത്. പുതു തലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന വിവിധ നടപടികളും പദ്ധതികളുമാണ് വളര്‍ച്ചക്കു കാരണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ഉപയോഗപ്പെടുത്തി വിദേശത്തു പഠിക്കുന്ന വിദ്യാര്‍ഥികളും വര്‍ധിച്ചു വരികയാണ്. നാലു വര്‍ഷത്തിനിടെ മുമ്പുണ്ടായിരുന്നതിന്റെ എട്ടിരട്ടിയോളം പേരാണ് വിദേശത്ത് പഠിക്കാന്‍ പോകുന്നവരിലുണ്ടായത്. 191ല്‍ നിന്ന് 1591 ആയാണ് വളര്‍ച്ച. സ്പ്രിങ് 2017 ഇഷ്യൂ ഓഫ് ഓക്‌സ്ഫഡ് ഗള്‍ഫ് ആന്റ് അറേബ്യന്‍ പെനിന്‍സുല സ്റ്റഡീസ് ഫോറം ആണ് ഹയര്‍ എജുക്കേഷന്‍ ഇന്‍ ദി ഗള്‍ഫ് സ്റ്റേറ്റ്‌സ്: പ്രസന്റ് ആന്റ് ഫ്യൂച്ചര്‍ എന്ന ശീര്‍ഷകത്തില്‍ റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.വിദേശത്ത് പഠിക്കുന്നവരില്‍ വനിതകളുടേതിനേക്കാള്‍ ഇരട്ടി പുരുഷന്‍മാരാണ്. അതേസമയം, സ്വന്തം നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ മികച്ച അവസരങ്ങളുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം നാട്ടില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ യൂനിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കുന്നത് സ്ത്രീകളാണെന്ന് ഡോ. നദ പറയുന്നു. തൊഴിലിലും സ്ത്രീകള്‍ മുന്നോട്ടു വരുന്നുണ്ട്.
Next Story

RELATED STORIES

Share it