ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ പോപുലര്‍ ഫ്രണ്ട് കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം സ്വാഗതം ചെയ്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, ബിഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്ര സെക്രട്ടേറിയറ്റ് യോഗം. കോണ്‍ഗ്രസ്സും ഇടതുകക്ഷികളും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍   വിമുഖത കാണിക്കുമ്പോള്‍  ബിജെപിക്കെതിരേ ഒരുമിക്കാനുള്ള  എസ്പി- ബിഎസ്പി തീരുമാനം  മാതൃകയാണെന്നും യോഗം വ്യക്തമാക്കി. മതേതര കക്ഷികള്‍ ഒരുമിച്ചാല്‍ ബിജെപി പരാജയപ്പെടുമെന്ന് ഈ ഐക്യം വ്യക്തമാക്കുന്നു. ഗോരഖ്പൂര്‍ പോലുള്ള ശക്തികേന്ദ്രങ്ങളിലെ ബിജെപിയുടെ പരാജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റേയും നയങ്ങള്‍ക്കെതിരായ ജനവികാരത്തിന്റെ പ്രതിഫലനമാണ്. ബിജെപിക്കെതിരേ നിലകൊണ്ടതിനാലാണ് ജനങ്ങള്‍  അധികാരത്തിലെത്തിച്ചതെന്ന കാര്യം മറന്ന് എന്‍ഡിഎയില്‍ ചേര്‍ന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനുള്ള മുന്നറിയിപ്പാണ്  അരാരിയ ഉപതിരഞ്ഞെടുപ്പ് ഫലമെന്നും സെക്രേട്ടറിയറ്റ് യോഗം വ്യക്തമാക്കി.
അന്തരിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സിന് യോഗം ആദരാഞ്ജലി അര്‍പ്പിച്ചു. യൗവനകാലത്ത് തന്നെ ശരീരം തളര്‍ന്നെങ്കിലും അദ്ദേഹത്തിന് തന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞു. സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നവയാണ് അദ്ദേഹത്തിന്റെ സംഭാവനകളെന്നും യോഗം അഭിപ്രായപ്പെട്ടു.
മനുഷ്യമനസ്സുകളില്‍ വെളിച്ചം വിതറിയ ശാസ്ത്രകാരന്‍ മാത്രമല്ല യുഎസിന്റെ കൊളോണിയല്‍ അതിക്രമങ്ങള്‍ക്കെതിരേയും ഫലസ്തീനിലെ സയണിസ്റ്റ് അധിനിവേശത്തിനെതിരേയും ശബ്ദമുയര്‍ത്തിയ മനുഷ്യ സ്‌നേഹിയാണ് സ്റ്റീഫന്‍ ഹോക്കിങ്‌സ് എന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it