Alappuzha local

ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പതനത്തിന് മുന്‍ഗണന നല്‍കണം: അബ്ദുല്‍ മജീദ് ഫൈസി

കൊല്ലകടവ്(ആലപ്പുഴ): ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ശക്തമായ പതനത്തിന് മുന്‍ഗണന നല്‍കണമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്ഡിപിഐ ചെങ്ങന്നൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പല രഹസ്യധാരണയിലൂടെ ഉണ്ടാക്കിയ വലിയ മുന്നേറ്റം അതീവ ഗൗരവത്തോടെ നിരീക്ഷിക്കുന്ന തിനോ ഈ അപകടത്തെ തടയുന്നതിനോ എല്‍ഡിഎഫും യുഡിഎഫും  തയ്യാറായിട്ടില്ല. ബിജെപി വരാതിരിക്കുക എന്ന ഉത്തരവാദിത്വം ഇരു മുന്നണികളും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണ്. 1952ല്‍ രണ്ട് സീറ്റ് ഉണ്ടായിരുന്ന ബിജെപി ഇന്ന് പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തോടെ ഭരണം കയ്യാളുന്നതില്‍ ദലിത് ന്യൂനപക്ഷങ്ങള്‍ എന്ത് ഉത്തരവാദിത്വമാണ് ഏറ്റെടുക്കേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി ഇരുപതോളം മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലധികം വോട്ട് നേടിയതിന് ഇരു മുന്നണികളും മറുപടി പറയേണ്ടതുണ്ട്.
ആര്‍എസ്എസിന്റെ ന്യൂനപക്ഷ മതേതരത്വ വിശ്വാസികളോടുള്ള നിലപാട് തിരിച്ചറിഞ്ഞ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇരുമുന്നണികളും പരാജയമാണ്. ചെങ്ങന്നൂരിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുന്നത് വര്‍ത്തമാനകാല സാഹചര്യവും സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രവും മനസ്സിലാക്കി അടിസ്ഥാനപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നാണ്. കുറച്ചു കൂടി ചിത്രം തെളിഞ്ഞതിന് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പായി എസ്ഡിപിഐയുടെ നിലപാട് വ്യക്തമാക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കേരള നിയമസഭയില്‍ എത്താതിരിക്കാന്‍ വേണ്ടി മാത്രമാണ് മഞ്ചേശ്വരം ഉള്‍പ്പടെയുള്ള പല മണ്ഡലങ്ങളിലും എസ്ഡിപിഐ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അനീസ് നാഥന്‍പറമ്പില്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍,  വിഎംഫഹദ്, ജില്ലാ പ്രസി. കെ എസ് ഷാന്‍, ചന്ദ്രികാ താമരക്കുളം, നാസര്‍ പുറക്കാട്, സിയാദ് മണ്ണാംമുറി, ഷൈലജാ ഹുസൈന്‍, ഷാനവാസ് മാന്നാര്‍, ഷിഹാബ്, മണ്ഡലം സെക്രട്ടറി സിറാജ് പീടികയില്‍, ജോ. സെക്രട്ടറി അഷാദ്  സംസാരിച്ചു.
Next Story

RELATED STORIES

Share it