Flash News

ഉന്നാവോ പീഡനം: ബിജെപി എംഎല്‍എ അറസ്റ്റില്‍

ന്യൂഡല്‍ഹി/അലഹബാദ്/അമേത്തി: 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സിബിഐ അറസ്റ്റ് ചെയ്തു.  ഇതുമായി ബന്ധപ്പെട്ട മൂന്നു കേസുകള്‍ സിബിഐ ഏറ്റെടുത്തു. സെന്‍ഗാറിനെ  ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. രാത്രിയോടെയാണ് അറസ്റ്റ് രേപ്പെടുത്തിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് പീഡനം നടന്ന സ്ഥലവും ജയില്‍ ഉദ്യോഗസ്ഥരെയും എംഎല്‍എയുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നാണ് സിബിഐ ഏറ്റെടുത്ത രണ്ടാമത്തെ കേസ്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ പിടികൂടിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചതുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ കേസ്. പീഡനം സംബന്ധിച്ച് പെണ്‍കുട്ടി ആദ്യം പരാതി നല്‍കിയത് കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു. എംഎല്‍എ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ പോലിസ് നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പില്‍ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണു സംഭവം വിവാദമായത്. ഇതിനു പിന്നാലെ പെണ്‍കുട്ടിയുടെ അച്ഛനെ പോലിസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹം പിന്നീട് കസ്റ്റഡിയില്‍ മരിച്ചു. എംഎല്‍എയുടെ സഹോദരന്‍ അടക്കമുള്ളവര്‍ പിതാവിനെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കുല്‍ദീപ് സിങ് സെന്‍ഗാറിനെ അറസ്റ്റ് ചെയ്യാന്‍ അലഹബാദ് ഹൈക്കോടതി നേരത്തേ സിബിഐക്കു നിര്‍ദേശം നല്‍കിയിരുന്നു. കേസിന്റെ അന്വേഷണ പുരോഗതി അടക്കമുള്ള കാര്യങ്ങള്‍ മെയ് രണ്ടിനകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it