ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരണം: കേന്ദ്രം പിടിമുറുക്കുന്നു; അക്കാദമി മേഖലയില്‍ ആശങ്ക

പി വി  മുഹമ്മദ്   ഇഖ്്ബാല്‍

കോഴിക്കോട്: യുജിസി പിരിച്ചുവിട്ട് ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ അക്കാദമിക മേഖലയില്‍ വ്യാപകമായി ആശങ്ക. ഏറക്കുറേ സ്വയംഭരണാധികാരമുണ്ടായിരുന്ന യുജിസിയെ പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ബിജെപി അജണ്ട സ്ഥാപനങ്ങള്‍ക്കുമേല്‍ നടപ്പാക്കാന്‍ എളുപ്പമാവുമെന്നാണ് ആശങ്ക.
12 അംഗ കമ്മീഷനില്‍ മൂന്നുപേരാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളെന്നു പറയുന്നുണ്ടെങ്കിലും 12 പേരെയും കേന്ദ്രത്തിന്റെ താല്‍പര്യത്തിനനുസരിച്ചു മാത്രമേ നിയമിക്കാനാവൂ. സര്‍വകലാശാലകളില്‍ നിന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബിരുദം നല്‍കുന്നതില്‍ നിയമപരമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് വരുതിയിലാക്കാനാണു നീക്കം.
യുജിസിയുടെ കീഴില്‍ രാജ്യത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും പഠനബോര്‍ഡുകള്‍ക്ക് പാഠ്യപദ്ധതിയും പുസ്തകങ്ങളും തീരുമാനിക്കുന്നതിനുള്ള സ്വതന്ത്രമായ അധികാരം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. സിലബസില്‍ ഏകീകരണം നടപ്പാക്കി സംഘപരിവാരത്തിന്റെ അജണ്ടകള്‍ക്കനുസരിച്ച് പാഠ്യപദ്ധതി അട്ടിമറിക്കുന്നതിനാണു പുതിയ നീക്കം. യുജിസിക്കുള്ള സാമ്പത്തികാധികാരങ്ങള്‍ കമ്മീഷന് നല്‍കാതെ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു നല്‍കാനുള്ള നീക്കം തന്നെ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കനുസരിച്ചുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഗ്രാന്റുകള്‍ അനുവദിക്കൂവെന്ന ലക്ഷ്യത്തോടെയാണ് വിസി, പിവിസി, ഡീനുമാര്‍, ഡയറക്ടര്‍മാര്‍, അധ്യാപകര്‍, അനധ്യാപകര്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ മുഴുവന്‍ നിയമനങ്ങളുടെയും യോഗ്യത നിശ്ചയിച്ച് സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാനാണ് ഗൂഢപദ്ധതി. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമുണ്ട്.
പിഴ ഈടാക്കാനും മൂന്നുവര്‍ഷം വരെ ജയിലിലടയ്ക്കാനുമുള്ള നിര്‍ദേശവും അപകടകരമായ സൂചനകളാണ്. ഫയല്‍ തീര്‍പ്പാക്കുന്നതിലും തീരുമാനങ്ങളെടുക്കുന്നതിലും യുജിസി അധികൃതര്‍ നടത്തുന്ന കാലതാമസമാണ് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണോദ്ദേശ്യമായി കേന്ദ്രം പ്രഖ്യാപിക്കുന്നത്. എന്നാല്‍, വിദ്യാഭ്യാസമേഖലയെ സമ്പൂര്‍ണമായി വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ പരിഷ്‌കാരത്തിന്റെ കാരണമായി പറയുന്നത്.
എങ്ങനെ പഠിപ്പിക്കണമെന്നും എന്തു പഠിപ്പിക്കണമെന്നും ഗവേഷണ വിഷയങ്ങള്‍ എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരവും ഉന്നത വിദ്യാഭ്യാസ കമ്മീഷനില്‍ നിക്ഷിപ്തമാക്കിയതിനു പിന്നില്‍ ചരിത്രത്തെ മാറ്റിമറിക്കാനുള്ള നീക്കമുണ്ടെന്നാണ് ആരോപണം. യുജിസി പിരിച്ചുവിട്ട് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ രൂപീകരിക്കുന്നതോടെ ബിജെപിയുടെ നിയന്ത്രണത്തിലല്ലാത്ത കേരളമുള്‍െപ്പടെയുള്ള സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും പുരോഗതിക്ക് തിരിച്ചടിയാവുമെന്ന് അധ്യാപകസംഘടനാ നേതാക്കള്‍ പ്രതികരിക്കുന്നു.
Next Story

RELATED STORIES

Share it