kozhikode local

ഉദ്യോഗസ്ഥസംഘം റാണി സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

വടകര: ചോറോട് റാണി പബ്ലിക് സ്‌കൂള്‍, റാണി മസാല കമ്പനി എന്നിവിടങ്ങളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ എന്‍സി കനാലിലേക്ക് ഒഴുക്കി വിട്ട സംഭവത്തില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച വിവിധ വകുപ്പ് തല ഉദ്യോഗസ്ഥ സംഘം സ്ഥല പരിശോധന നടത്തി. ഇന്നലെ രാവിലെ പതിനൊന്നരയ്ക്കു തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നു മണിവരെ തുടര്‍ന്നു.
പൊലൂഷന്‍ കോണ്‍ട്രോള്‍ ബോര്‍ഡ്, സിഡബ്ല്യുആര്‍ഡിഎം, ഫുഡ് ആന്‍ഡ് സേഫ്റ്റി, ഇറിഗേഷന്‍ എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കബനി, തഹസില്‍ദാര്‍ പി.കെ സതീഷ്‌കുമാര്‍, അഡീഷണല്‍ ഡിഎംഒ, വടകര സിഐ ടി മധുസൂദനന്‍ നായര്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സനില, ഡെപ്യൂട്ടി തഹസില്‍ദാര്‍ രവീന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
സ്‌കൂള്‍, മസാല ഫാക്ടറി, പരിസര പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച സംഘം പരിസരവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍ കണ്ടെത്തിയ പോരായ്മകള്‍ അവരവരുടേതായ റിപോര്‍ട്ട് അഞ്ചു ദിവസത്തിനകം തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ടുണ്ടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇക്കഴിഞ്ഞ മെയ് 31നാണ് ഈ സ്ഥാപനങ്ങളില്‍ നിന്നും മലിന ജലം തോട്ടിലേക്കും കനാലിലേക്കും ഒഴുക്കി മലിനമാക്കിയത്.
മല്‍സ്യങ്ങള്‍ അടക്കം ചത്തു പൊന്തിയതോടെ ജനങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയതോടെയാണ് ജില്ലാ കലക്ടര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍, ജനപ്രതിനിധികള്‍, സ്ഥാപന ഉടമ, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ജൂണ്‍ 18ന് വിളിച്ചു ചേര്‍ത്ത് പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചത്. ഇവരോട് പത്ത് ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നില്ല. കാലവര്‍ഷം കനത്തതാണ് പരിശോധന നടക്കാത്തതിന് കാരണമെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്.
ഇന്നലെ സ്ഥലം സന്ദര്‍ശിച്ച സംഘം മൂന്നു മണിക്കൂര്‍ വിശദമായ പരിശോധനയാണ് നടത്തിയത്. മാലിന്യസംസ്‌കരണ സംവിധാനങ്ങളും ടാങ്കുകളുമടക്കം എല്ലാം സംഘം തുറന്നു കണ്ടു. അതേസമയം മാലിന്യസംസ്‌കരണ സംവിധാനത്തെകുറിച്ച് വിദഗ്ധ സംഘത്തോട് കൃത്യമായ വിശദീകരണം നല്‍കാന്‍ റാണി അധികൃതര്‍ക്ക് കഴിഞ്ഞില്ല. മാലിന്യപ്രശ്‌നത്തില്‍ സമരസമിതി നടത്തിയ പ്രക്ഷോഭങ്ങളുടെ ഫലമായി സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ ഡപ്യൂട്ടി കലക്ടറും ആര്‍ഡിഒയും അടക്കുമുള്ള ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരമാണ് വിഗഗ്ധ സമിതി സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് റിപോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്.
സ്ഥാപനങ്ങളില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ഇ ഇസ്മായില്‍, കണ്‍വീനര്‍ ടിഎം രാജന്‍, ഇപി ദാമോദരന്‍, മോഹന്‍ബാബു, പിവി അനില്‍കുമാര്‍, സികെ ദിനേശന്‍, സി വിജയന്‍, ഒടികെ രാജന്‍ എന്നിവര്‍ സംഘത്തിന്റെ ശ്രദ്ധയില്‍പെടുത്തി. ആക്ഷന്‍ കമ്മിറ്റിയംഗങ്ങളും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it