palakkad local

ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും താല്‍പര്യമില്ല; താലൂക്ക് വികസന സമിതികള്‍ പ്രഹസനമാവുന്നു

ഒറ്റപ്പാലം: താലൂക്ക് വികസന സമിതിയോഗങ്ങള്‍ പ്രഹസനമാവുന്നു. മാസത്തിലെ ആദ്യ ശനിയാഴ്ച ചേരുന്ന യോഗത്തില്‍ മിക്കപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹാജരാവുന്നില്ല. ജനപ്രതിനിധികള്‍ പങ്കെടുക്കുന്നതിലും വീഴ്ച വരുത്തുന്നു. കഴിഞ്ഞ ദിവസം നടന്ന ഒറ്റപ്പാലം താലൂക്ക് സമിതിയിലും കാര്യങ്ങള്‍ വ്യത്യസ്ഥമായില്ല. പോലിസ്, പൊതുമരാമത്ത് വിഭാഗം, പഞ്ചായത്ത് സെക്രട്ടറിമാര്‍, താലൂക്കിലെ വിവിധ ആശുപത്രികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നാണ് ഉദ്യോഗസ്ഥര്‍ ഹാജരാകാതിരുന്നത്.
ജനകീയ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടാനാണ് വികസനസമിതി ബഹിഷ്‌ക്കരിക്കുന്നതെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ കല്കടര്‍ക്ക് റിപോര്‍ട്ട് നല്‍കാന്‍ താലൂക്ക് സമിതി യോഗം തീരുമാനിച്ചു. മെയ്മാസം തുടങ്ങിയിട്ടും പല തദ്ദേശസ്ഥാപനങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണം ആരംഭിച്ചിട്ടില്ല.
മഴക്കാലം അടുത്ത സഹാചര്യത്തില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും ശുചീകരണം തുടങ്ങണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജനമൈത്രി പോലിസ് പദ്ധതിയുടെ ഭാഗമായി അമ്പലപ്പാറ പഞ്ചായത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം വനിത പോലിസെത്തി പഞ്ചായത്തിലെ പരാതികള്‍ സ്വീകരിച്ചിരുന്നു. കുറച്ച് കാലമായി പോലിസിന്റെ ഈ സേവന പഞ്ചായത്തിന് ലഭിക്കുന്നില്ലെന്നും പരാതി ഉയര്‍ന്നു.
ഇത് ഒറ്റപ്പാലം പോലിസിന്റെ ശ്രദ്ധയില്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. അപകടങ്ങള്‍ പതിവാകുന്ന ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍ പോലിസ് സേവനം ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് റോഡ്, ആര്‍ എസ് റോഡ് കൈയേറ്റം വര്‍ധിച്ചിട്ടുണ്ടെന്നും റവന്യൂ വകുപ്പ് നടപടിയെടുക്കണമെന്നാവശ്യം ഉന്നയിച്ചപ്പോള്‍ നടപടിയെടുക്കാമെന്നും ബന്ധപ്പെട്ടവര്‍ യോഗത്തില്‍ അറിയിച്ചു. ചെര്‍പ്പുളശേരി നഗരസഭ കൗ ണ്‍സിലര്‍ സി എ ബക്കര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it