World

ഉത്തര കൊറിയ - യുഎസ് ചര്‍ച്ച; ഉപാധികള്‍ മുന്നോട്ടുവച്ച് വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്നുമായി ചര്‍ച്ച നടക്കാനിരിക്കെ ഉപാധികള്‍ മുന്നോട്ടുവച്ച് യുഎസ്. ആണവനിരായുധീകരണത്തിനു ശക്തമായ നടപടികള്‍ സ്വീകരിക്കാതെ ചര്‍ച്ച നടക്കില്ലെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്. എന്നാല്‍, ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ എന്തു നടപടികളാണ് സ്വീകരിക്കേണ്ടത് എന്നതിനെ കുറിച്ച് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്റേഴ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.
ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തരകൊറിയയും യുഎസും നടത്തിയ പോര്‍വിളികള്‍ക്ക് അന്ത്യമാവുമെന്ന സൂചനയും വൈറ്റ് ഹൗസ് നല്‍കുന്നു. ചര്‍ച്ചയ്ക്കു തയ്യാറാണെന്നുള്ള ട്രംപിന്റെ ട്വീറ്റും ഇതാണു സൂചിപ്പിക്കുന്നത്. നേരത്തേ യുഎസില്‍ എത്തുന്ന മിസൈല്‍ വികസിപ്പിച്ചെടുത്തെന്ന് കിങ്‌ജോങ് ഉന്‍ പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കെയാണ് പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനു ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഉത്തരകൊറിയ അറിയിച്ചത്.
ആണവനിരായുധീകരണത്തിനുള്ള ചര്‍ച്ചകള്‍ക്ക് യുഎസ് സന്നദ്ധത അറിയിച്ചാല്‍ ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്ക്കാമെന്നു ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അണ്വായുധം ഉപേക്ഷിക്കുന്നതു സംബന്ധിച്ച കരാറുമായി യുഎസ് മുന്നോട്ടുവരണമെന്നായിരുന്നു ഉത്തരകൊറിയയുടെ ആവശ്യം. ശീതകാല ഒളിംപിക്‌സില്‍ ദക്ഷിണകൊറിയക്കൊപ്പം ഒരു കൊടിക്കീഴില്‍ അണിനിരന്ന ഉത്തരകൊറിയ അണ്വായുധവുമായി ബന്ധപ്പെട്ട നിലപാടുകളില്‍ അയവു വരുത്തിയിരിക്കുകയാണ്. ആണവ നിരായുധീകരണത്തിനു തയ്യാറാണെന്ന് കിങ് ജോങ് ഉന്‍ ദക്ഷിണകൊറിയയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് ഉത്തരകൊറിയ യുഎസിനെ അറിയിച്ചു.
Next Story

RELATED STORIES

Share it