ഉത്തര്‍പ്രദേശില്‍ 10000 ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു

ലക്‌നോ: കടുത്ത ജാതിവിവേചനം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശില്‍ സാമുഹ്യതുല്യത ആവശ്യപ്പെട്ട് 10000 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു. കാണ്‍പൂര്‍ ദേഹാ ജില്ലയിലെ പുഖ്രയാന്‍ ഗ്രാമത്തിലാണ് വെള്ളിയാഴ്ച കൂട്ട മതമാറ്റം നടന്നത്. ദസറയുടെ ഭാഗമായി നടന്ന ചടങ്ങില്‍ ബറയിച്ച് ബിജെപി എം പി സാവിത്രി ഭായ് ഭൂലെയുടെ സാന്നിധ്യത്തിലായിരുന്നു മതമാറ്റചടങ്ങ്. എന്നാല്‍, ജില്ലാഭരണകൂടം ഇത് നിഷേധിച്ചു.
അതേസമയം പുഖ്രയാനിലെ കൃഷി മണ്ടി സമിതി മൈതാനിയില്‍ 12 ബുദ്ധഭിക്ഷുക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.അംബേദ്ക്കര്‍ ബൗദ്ധ ദീക്ഷ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. അന്തസ്സിനും തുല്യതയ്ക്കും സാധ്യത നല്‍കുന്ന ഒരു ഉല്‍സവം എന്ന നിലയ്ക്കാണ് താന്‍ അവിടെ പോയതെന്നും കൊടിയ ജാതി വിവേചനം നിര്‍വ്വചിക്കുന്ന മനുവാദി സമ്പ്രദായം അവസാനിപ്പിച്ച് രാജ്യത്ത് ബുദ്ധിസം കൊണ്ടുവരുമന്നും ഭൂലെ പറഞ്ഞു.
ജാതി വിവേചനം കൊണ്ട് രാജ്യത്തെ കാര്‍ന്നു തിന്നുന്ന കാളകൂടങ്ങളെ തൂത്തെറിയുമെന്നും ഭൂലെ പ്രഖ്യാപിച്ചു. രാജ്യത്ത് ജാതി വെറി അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത ഗൗതം ബുദ്ധ, അശോക ചക്രവര്‍ത്തി, അംബേദ്കര്‍ തുടങ്ങിയവരുടെ ഓര്‍മ പുതുക്കാനാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ഭാരതീയ ദളിത് പാന്ഥര്‍ സമിതി പ്രസിഡന്റും ചടങ്ങിന്റെ മുഖ്യസംഘാടകനുമായ ധാനി റാവു ബൗദ്ധ് പാന്ഥര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉപയോഗിച്ച ബംഗ്ലാവ് ശൂദ്ധികലശം നടത്തിയാണ് പ്രവേശിച്ചതെന്നും ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും ധാനി വ്യക്തമാക്കി. വര്‍ഷാവര്‍ഷം ഇത്തരം മതംമാറ്റങ്ങള്‍ നടക്കാറുണ്ടെന്നും ഇത് അതിന്റെ ഭാഗം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.



Next Story

RELATED STORIES

Share it