kozhikode local

ഉത്തരവുകള്‍ കാറ്റില്‍ പറത്തി എയ്ഡഡ് സ്‌കൂള്‍

എലത്തൂര്‍: സ്‌കൂളുകളിലെ അനധികൃത വ്യാപാരങ്ങള്‍ നിര്‍ത്തലാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് കാറ്റില്‍ പറത്തി എയിഡഡ്് സ്‌കൂള്‍. സ്‌കൂള്‍ വളപ്പിനകത്ത് സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്, ക്ലാസ് റൂമുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കരുത് തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവിന് വിലകല്‍പ്പിക്കാതെയാണ് തലക്കുളത്തൂര്‍ സിഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രവര്‍ത്തനമെന്ന്് രക്ഷിതാക്കള്‍ ആരോപിച്ചു.
മുന്‍ പിടിഎ പ്രസിഡന്റിന്റെ പരാതിയെ തുടര്‍ന്ന് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ കച്ചവടസ്ഥാപനം നിര്‍ത്തലാക്കി, സ്‌കൂളില്‍ നിലവിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കു കീഴില്‍ നിര്‍ദിഷ്ട രീതിയില്‍ സ്‌റ്റോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 11. 7..2017 ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവായിരുന്നു. ഉത്തരവ് വന്ന് 7 മാസം പിന്നിട്ടിട്ടും സ്‌കൂളില്‍ സ്വകാര്യ വ്യക്തിയുടെ സ്റ്റോര്‍ പ്രവര്‍ത്തിച്ചുവരികയാണ്. സിപ് അപ്, ഐസ്‌ക്രീം, നിരോധിച്ച മിഠായികള്‍, പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയവ വില്‍ക്കുന്ന കച്ചവട സ്ഥാപനം നിര്‍ത്തലാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് കയ്യാറായിട്ടില്ല.
സ്‌കൂളില്‍ ലാബുകളും ലൈബ്രറിയും ഉള്‍പ്പെടെയുള്ള അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറാവാത്ത മാനേജ്‌മെന്റ് എല്ലാ ക്ലാസ് മുറികളിലും സിസിടിവി കാമറ സ്ഥാപിച്ചതിനെതിരെ ഒരു രക്ഷിതാവ് പരാതിയുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എത്രയും വേഗം ക്ലാസ് മുറികളിലെ കാമറകള്‍ നീക്കം ചെയ്യാന്‍ 11.1.2018 ന് ഡിഡി മാനേജ്‌മെന്റിനോടും പ്രധാനാധ്യാപകനോടും വാക്കാല്‍ നിര്‍ദേശിച്ചുവെങ്കിലും കാമറ നീക്കം ചെയ്യാന്‍ ഇരുവരും തയ്യാറായില്ല. സംഭവം വിവാദമായതോടെ എലത്തൂര്‍ പോലിസ് 12.1.2018ന്്്് സ്‌കൂളിലെത്തി കാമറ ഓഫാക്കുകയും ചെയ്തു.
എന്നാല്‍, അടുത്ത ദിവസം തന്നെ കാമറ വീണ്ടും പ്രവര്‍ത്തിപ്പിച്ചു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഡിഡി കാമറ നീക്കം ചെയ്യണമെന്ന് 25.1.2018ന് രേഖാമൂലം നിര്‍ദേശം നല്‍കി. എന്നിട്ടും കാമറ നീക്കം ചെയ്യാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. തുടര്‍ന്ന്, പരാതിക്കാരനായ രക്ഷിതാവ്, കാമറ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പിടിഎ പ്രസിഡന്റിന് കത്തു നല്‍കിയിരിക്കുകയാണ്.
സ്‌കൂളില്‍ അടിസ്ഥാന പഠന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മുന്‍ പിടിഎ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും മകളും ചേര്‍ന്ന് ഫയല്‍ ചെയ്ത കേസില്‍ 3 മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറോട്്് 18.8.2017 ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കോടതി ഉത്തരവ് വന്ന് 6 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍  ഡിഡിയും തയ്യാറായിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു .
Next Story

RELATED STORIES

Share it