kozhikode local

ഉടുമ്പിറങ്ങിമല: സിപിഎമ്മിനെതിരേ തൊഴിലാളികള്‍

നാദാപുരം: നിയമാനുസൃത അനുമതി ലഭിച്ച ഉടുമ്പിറങ്ങിമലയിലെ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അനുഭാവികള്‍ സിപിഎമ്മിനെതിരെ രംഗത്ത്. വാണിമേല്‍ ലോക്കല്‍ കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിക്കുന്ന കത്ത് അവര്‍ പ്രസിദ്ധീകരിച്ചു.
തൊഴിലാളി വര്‍ഗത്തെ അവഗണിച്ച് തൊഴിലാളി പാര്‍ട്ടി പ്രവര്‍ത്തിക്കുക എങ്ങനെയെന്നാണ് അവര്‍ നോട്ടീസിലൂടെ ചോദിക്കുന്നത്. വടകര താലൂക്കിലെ വിവിധയിടങ്ങളില്‍ ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയൊന്നുമില്ലാത്ത പരിസ്ഥിതി പ്രശനമുയര്‍ത്തി വാണിമേലില്‍ മാത്രം ക്വാറിക്കെതിരെ സമരം നടത്തുന്ന പാര്‍ട്ടി ആര്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കണമെന്നും നോട്ടീസ് ആവശ്യപ്പെടുന്നു.
പാര്‍ട്ടി ഇവിടെ നടത്തിയ നശീകരണ സമരം വാണിമേല്‍ ലോക്കല്‍ കമ്മിറ്റിയുടെ നയമാണോ എന്ന് വ്യക്തമാക്കണമെന്നും ആക്ഷന്‍ കമ്മിറ്റിയുടെ പേരില്‍ ഇറക്കിയ നോട്ടീസ് ചോദിക്കുന്നു. മുന്‍കാലങ്ങളില്‍ ക്വാറി മേഖല യില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും പറ്റി പര്‍ട്ടി ചിന്തിച്ചിട്ടുണ്ടോ എന്നും നോട്ടീസിലുണ്ട്.
ക്വാറി മേഖലയില്‍ തൊഴിലില്ലാതായതോടെ വിലങ്ങാട് മേഖലയിലെ നിരവധി കുടുംബങ്ങള്‍ പട്ടിണിയാണെന്ന് സൂചനയുണ്ട്. പണിയായുധങ്ങളും പണി ശാലകളും തകര്‍ക്കുന്ന രീതിയെ വാണിമേല്‍ പാര്‍ട്ടി നേതൃത്വം നയമാക്കിയിട്ടുണ്ടോ എന്നും നോട്ടീന്ന് ചോദിക്കുന്നു.
വിലങ്ങാട് മേഖലയില്‍ ക്വാറി തൊഴിലാളികളായ പത്ത് പേരാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയുടെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാനാണ് അവരുടെ നീക്കം.
പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട നിരവധി മെമ്പര്‍മാര്‍ തങ്ങളോടൊപ്പം ഉണ്ടെന്നും അവര്‍ പറഞ്ഞു. ഉടുമ്പിറങ്ങിമല വിഷയത്തില്‍ പാര്‍ട്ടിയുടെ തൊഴിലാളിവിരുദ്ധനയം തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിക്ക് കാരണമാകുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it