Editorial

ഈ ഭേദഗതിയുടെ ഗുണഭോക്താക്കള്‍ ആരാണ്?

എനിക്ക് തോന്നുന്നത്‌ - സജ്ജാദ് വാണിയമ്പലം
സ്വവര്‍ഗരതി കുറ്റകൃത്യമായി കാണുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭേദഗതി വരുത്തിക്കൊണ്ടുള്ള സുപ്രിംകോടതിയുടെ വിധി പടിഞ്ഞാറന്‍ ധാര്‍മിക കാഴ്ചപ്പാടുകള്‍ ഇന്ത്യന്‍ സമൂഹം സ്വീകരിക്കുന്നതിന്റെ പ്രതിഫലനമായി നിരീക്ഷിക്കാം. 377ാം വകുപ്പ് ഒരു വിഭാഗത്തിന്റെ തുല്യതയ്ക്കുള്ള അവകാശം നിഷേധിക്കുന്നതായാണ് കോടതിയുടെ വിലയിരുത്തല്‍.
സ്വവര്‍ഗരതിക്കാര്‍ക്കു വേണ്ടി വാദിക്കുന്ന ഒരു എന്‍ജിഒ നടത്തിയ നിയമപോരാട്ടത്തില്‍ ഡല്‍ഹി ഹൈക്കോടതി 2009ല്‍ നല്‍കിയ അനുകൂല വിധിയെ സുപ്രിംകോടതി തന്നെ റദ്ദാക്കിയിരുന്നു. ഈ വിഷയത്തില്‍ എന്തെങ്കിലും മാറ്റം ആവശ്യമെങ്കില്‍ നിയമനിര്‍മാണം പാര്‍ലമെന്റിന്റെ ഉത്തരവാദിത്തമാണ് എന്നായിരുന്നു സുപ്രിംകോടതിയുടെ അന്നത്തെ നിലപാട്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളില്‍ നിന്നു വ്യത്യസ്തമായി സുദൃഢമായ കുടുംബബന്ധങ്ങളും സദാചാര മൂല്യങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ വിഷയത്തെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ നിയമപരമായ കോണിലൂടെ മാത്രം നോക്കിക്കാണാന്‍ അന്നു സുപ്രിംകോടതി മടിച്ചു. സ്വവര്‍ഗരതിയുടെ കാര്യത്തില്‍ സമൂഹത്തിന്റെ ഭൂരിപക്ഷ നിലപാടു തന്നെ പാര്‍ലമെന്റിലും പ്രതിഫലിച്ചതിനാല്‍ ഭേദഗതിക്കു വേണ്ടി ശശി തരൂര്‍ നടത്തിയ ശ്രമം സ്വാഭാവികമായും പരാജയപ്പെട്ടു.
എന്നാല്‍, പിന്നീട് ഒരു വിഭാഗത്തിന്റെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്ന നിയമം ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റ് തീരുമാനത്തിനു വേണ്ടി കാത്തിരിക്കുന്നതില്‍ ന്യായമില്ലെന്ന വാദം പുതിയ വിധിയിലൂടെ സുപ്രിംകോടതി ശരിവയ്ക്കുകയായിരുന്നു. ഏതായാലും സ്വന്തം ഇഷ്ടപ്രകാരമുള്ള സ്വവര്‍ഗരതി ഇനി മുതല്‍ കുറ്റകൃത്യമല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ അനുഭവിക്കുന്ന ലൈംഗികാസ്തിത്വ പ്രതിസന്ധിയെ മറയാക്കിയാണ് ഭേദഗതിയെ അനുകൂലിക്കുന്നവര്‍ അവരുടെ നിലപാടിന്റെ ധാര്‍മികതയെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന മഹാഭൂരിഭാഗം പേരും ട്രാന്‍സ്‌ജെന്‍ഡറുകളല്ല എന്ന വസ്തുത അവര്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. വളരെ ചെറിയ ശതമാനം വരുന്ന ട്രാന്‍സ്‌ജെന്‍ഡറുകളുടെ പ്രധാന പ്രശ്‌നം, അവര്‍ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാനുള്ള നിയമപരമായ ബുദ്ധിമുട്ട് നേരിടുന്നുവെന്നതല്ല, മറിച്ച്, തങ്ങളുടെ പ്രണയം, സൗഹൃദം തുടങ്ങിയ തീക്ഷ്ണമായ ജൈവിക ചോദനകളെ പുരുഷന്മാര്‍ സ്വവര്‍ഗരതിക്കു വേണ്ടി മാത്രമായി ദുരുപയോഗം ചെയ്യുന്നു എന്നതാണ്.
ആണിനും പെണ്ണിനും ഭിന്നലിംഗക്കാര്‍ക്കുമൊക്കെ ഒരുമിച്ചു ജീവിക്കാന്‍ നിലവില്‍ തന്നെ നിയമതടസ്സമൊന്നുമില്ല. ട്രാന്‍സ്‌ജെന്‍ഡറുകളെ വേശ്യാവൃത്തിക്ക് ഉപയോഗപ്പെടുത്തുമ്പോഴാണ് മിക്കപ്പോഴും 377ാം വകുപ്പ് വില്ലനായി വന്നത്. സ്വന്തമായ കുടുംബവും സ്വാഭാവിക ലൈംഗിക ജീവിതവും തുടരുന്ന പലര്‍ക്കും സ്വവര്‍ഗരതി സമാന്തരമായി തുടരാന്‍ നിയമപരമായി കഴിയും എന്നതാണ് നിയമ ഭേദഗതി കൊണ്ടുണ്ടാവുന്ന പ്രധാന മാറ്റം. അതുണ്ടാക്കുന്ന കുടുംബത്തകര്‍ച്ചകള്‍, അരക്ഷിതാവസ്ഥ, സങ്കീര്‍ണമായ സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് ആധുനികതയുടെ പേരില്‍ ഈ വഴിയില്‍ നമുക്കു മുമ്പേ നടന്ന രാഷ്ട്രങ്ങള്‍ പിന്നീട് അഭിമുഖീകരിക്കേണ്ടിവന്നത്.
ട്രാന്‍സ്‌ജെന്‍ഡറുകളോട് സമൂഹത്തിനുള്ള പ്രതിലോമപരമായ കാഴ്ചപ്പാട് സ്വവര്‍ഗരതിയെ നിയമപരമാക്കിയതുകൊണ്ട് മാറ്റിയെടുക്കാന്‍ കഴിയുന്നതുമല്ല. അവരുടെ വ്യക്തിത്വ പ്രതിസന്ധി ഉള്‍ക്കൊള്ളാന്‍ കഴിയാതെ സ്വന്തം കുടുംബത്തില്‍ നിന്നുപോലും പിഴുതെറിയപ്പെടുന്നവരാണ് പലരും. അവര്‍ അനുഭവിക്കുന്ന സങ്കീര്‍ണമായ ശാരീരിക-മാനസിക പ്രശ്‌നത്തെക്കുറിച്ച് ശരിയായ ബോധം സമൂഹത്തിനു പകര്‍ന്നുനല്‍കിയാല്‍ മാത്രമേ അവരോടുള്ള നിലപാടില്‍ മാറ്റം ഉണ്ടാവൂ. പെണ്‍വേഷം കെട്ടി നടക്കുന്നവരില്‍ പലരും ട്രാന്‍സ്‌ജെന്‍ഡറുകള്‍ തന്നെയല്ലെന്ന യാഥാര്‍ഥ്യം ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകള്‍ തന്നെ വെളിപ്പെടുത്തുന്നുണ്ട്. അരക്ഷിതമായ സാഹചര്യമാണ് അവര്‍ക്കു ചുറ്റും. രതിവൈകൃതങ്ങള്‍ക്കു മൊത്തം നിയമപ്രാബല്യം കൊടുത്തതുകൊണ്ട് ഈ വിഷയത്തിനൊന്നും പരിഹാരമാവില്ല.

Next Story

RELATED STORIES

Share it