ഈ പ്രളയം മനുഷ്യനിര്‍മിതം

പി ടി തോമസ്

ഗാഡ്ഗില്‍ റിപോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ വിമര്‍ശനം നേരിട്ട പി ടി തോമസ് എംഎല്‍എയുമായി അംബിക നടത്തിയ അഭിമുഖം:

നാസയടക്കം വളരെ വ്യക്തമായി മുന്നറിയിപ്പു നല്‍കിയിട്ടും പ്രളയത്തെ നേരിടാനായി സര്‍ക്കാര്‍ യാതൊരു മുന്നൊരുക്ക നടപടിയും കൈക്കൊണ്ടിട്ടില്ലെന്നതാണു വാസ്തവം. കേരളത്തിലെ ശാസ്ത്രസമൂഹത്തെ വിളിച്ച് ഒരു ചര്‍ച്ച നടത്താന്‍പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഐക്യരാഷ്ട്രസഭയുടെ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ മലയാളിയായ മുരളി തുമ്മാരുകുടി ജൂലൈ 13ന് കേരള ഗവണ്‍മെന്റിന് പ്രത്യേകമായി നല്‍കിയ മുന്നറിയിപ്പ് പരിഗണിച്ചതേയില്ല. സെസ് എന്ന ശാസ്ത്രസ്ഥാപനത്തിന്റെ മുന്നറിയിപ്പും സര്‍ക്കാര്‍ പരിശോധിച്ചില്ല. ഉപരിതല ജലം ഉയരുമ്പോള്‍ ഭൂഗര്‍ഭജലവും ആനുപാതികമായി ഉയരുമെന്ന ശാസ്ത്രീയ മുന്നറിയിപ്പ് സര്‍ക്കാരിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് സെസിന്റെ ആഭിമുഖ്യത്തില്‍ ശങ്കറും ജോണ്‍ മത്തായിയും നടത്തിയ പഠന റിപോര്‍ട്ടും സര്‍ക്കാരിന്റെ പക്കലുണ്ടായിരുന്നു. അതും പരിശോധിച്ചില്ല.
കാലവര്‍ഷത്തില്‍ അണക്കെട്ടുകളില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള തീരുമാനം ആരുടേതായിരുന്നു? എന്തിനാണ് കാലവര്‍ഷത്തില്‍ അണക്കെട്ടുകളില്‍ വെള്ളം പിടിച്ചുനിര്‍ത്തിയത്? ഇടുക്കി അണക്കെട്ട് പണിയുന്നതിനു മുമ്പുതൊട്ട് ഇടുക്കിയിലുള്ള ഒരാളാണു ഞാന്‍. ഒരിക്കലും ഇടുക്കി അണക്കെട്ടില്‍ കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്തിയിട്ടില്ല. ഇടുക്കിയിലെന്നല്ല, കേരളത്തിലെ മിക്കവാറും അണക്കെട്ടുകളിലും മഴക്കാലത്ത് വെള്ളം പിടിച്ചുനിര്‍ത്താറില്ല. കാലവര്‍ഷത്തില്‍ വെള്ളം പിടിച്ചുനിര്‍ത്താനുള്ള തെറ്റായ തീരുമാനമാണ് ഇത്ര വലിയ ദുരന്തം വരുത്തിവച്ചത്. ഡാമുകള്‍ മഴവെള്ളപ്പൊക്കമുണ്ടാവുമ്പോള്‍ അത് നിയന്ത്രിക്കാനുള്ള ഉപാധികൂടിയാണ് എന്നതാണു വസ്തുത. കേരളത്തില്‍ ചെക്ഡാമുകളടക്കം 70ഓളം ഡാമുകളുണ്ട്. മഴവെള്ളം തടഞ്ഞുനിര്‍ത്തി വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ കൂടി ഉപയുക്തമാവേണ്ടിയിരുന്ന ഈ അണക്കെട്ടുകള്‍ പ്രളയത്തിന് ആക്കംകൂട്ടുകയാണുണ്ടായത്.
കേരളത്തിലെ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം വിളിക്കാനും പ്രശ്‌നങ്ങളെ മുന്‍കൂട്ടി കണ്ട് മുന്‍കരുതല്‍ നടപടികളെടുക്കാനും സര്‍ക്കാര്‍ തയ്യാറാവാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. നിയമപരമായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റി കൂടുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്തില്ല.
പ്രളയത്തെ സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വേഷണവും ആവശ്യമില്ലെന്നു പറയുന്നത് എന്തുകൊണ്ടാണ്? പടക്കക്കടയ്ക്ക് തീപ്പിടിച്ചാല്‍ പോലും ജുഡീഷ്യല്‍ അന്വേഷണം നടക്കുന്ന കേരളത്തില്‍ 500ഓളം ആളുകള്‍ മരിക്കുകയും പതിനായിരക്കണക്കിന് ഹെക്റ്റര്‍ ഭൂമി വെള്ളം കയറി ഉപയോഗശൂന്യമാവുകയും ലക്ഷക്കണക്കിന് ആളുകള്‍ ദുരിതങ്ങളുടെ കാണാക്കയങ്ങളിലകപ്പെടുകയും ചെയ്തിട്ടും എന്താണതിനു കാരണം, എന്തെങ്കിലും മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ അത് ഒഴിവാക്കാമായിരുന്നോ, അഥവാ എന്തു മുന്‍കരുതലെടുത്താലും ഒഴിവാക്കാനാവാത്തതായിരുന്നോ, തുടങ്ങിയ കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ഒരന്വേഷണത്തെ എന്തിനാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? ആ ഭയപ്പാട് ഗവണ്‍മെന്റിന്റെ വീഴ്ച, പ്രളയദുരന്തത്തിനു കാരണമാണെന്ന് ഉറപ്പിക്കുന്നു. ഈ പ്രളയത്തില്‍ ഗവണ്‍മെന്റിന് ഒരുതരത്തിലുള്ള മുന്നൊരുക്കങ്ങളുമുണ്ടായിരുന്നില്ല എന്നതിന് നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടാന്‍ പോവുന്നു എന്ന് വൈദ്യുതിമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പറയുന്നത് രാത്രി 12.20നാണ്. ഒന്നരമണിക്ക് മുല്ലപ്പെരിയാര്‍ തുറക്കും, ഇക്കാര്യം ആളുകളെല്ലാം പരസ്പരം ടെലിഫോണിലൂടെ അറിയിക്കണം എന്നാണു മന്ത്രിയുടെ ആ സന്ദേശത്തിലുള്ളത്. അതില്‍ നിന്ന് മുന്നറിയിപ്പിന്റെ ഗൗരവം വ്യക്തമാണല്ലോ. ഒരുമണിക്കൂര്‍ മുമ്പുപോലും വിവരം ജനങ്ങളെ അറിയിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. വെള്ളപ്പൊക്കം വരാന്‍ പോവുന്നു എന്ന് അനൗണ്‍സ് ചെയ്തുപോയ മൂന്ന് വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ടതു തന്നെ മുന്നൊരുക്കമില്ലായ്മയുടെ തെളിവാണ്. ഇടത്തരവും വലുതുമായ 46 ഓളം അണക്കെട്ടുകള്‍ ഏകദേശം ഒരേസമയത്ത് തുറന്നുവിടുകയാണുണ്ടായത്. ജനവാസകേന്ദ്രങ്ങളില്‍ വെള്ളം പകല്‍സമയത്ത് എത്താവുന്നവിധത്തില്‍ തുറന്നുവിടാന്‍പോലും കഴിഞ്ഞില്ല. പത്തനംതിട്ട-വയനാട് കലക്ടര്‍മാര്‍ ഡാം തുറന്ന വിവരം അറിയുന്നത് വളരെ താമസിച്ചാണ്.
ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കമ്പനിയായതിനുശേഷം, അണക്കെട്ട് തുറക്കാനുള്ള തീരുമാനമെടുക്കാന്‍ കഴിയുന്ന ഏജന്‍സി ആരാണ്, ആരെല്ലാം കൂടിയാലോചന നടത്തിയാണ് അണക്കെട്ട് തുറന്നത് എന്നതൊന്നും വ്യക്തമല്ല. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ കോ-ഓഡിനേഷന്‍ നടന്നിട്ടില്ല. കെഎസ്ഇബിക്കാര്‍ പറഞ്ഞത് 2,403 അടിയാവുമ്പോള്‍ തുറക്കും എന്നാണ്. വൈദ്യുതിമന്ത്രിയും ഡാം സേഫ്റ്റിക്കാരും പറഞ്ഞത് 2,400 ആവുമ്പോള്‍ തുറക്കും എന്നാണ്. ഇടുക്കി ജില്ലാ കലക്ടര്‍ പറഞ്ഞത് 2,397 ആവുമ്പോള്‍ തുറക്കും എന്നാണെങ്കില്‍ ഇറിഗേഷന്‍ മന്ത്രി മാത്യു ടി തോമസ് പറഞ്ഞത് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ല, ഡാം തുറക്കേണ്ടതില്ല എന്നായിരുന്നു. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ഡാം തുറക്കുന്നതില്‍പ്പോലും യാതൊരുവിധ കോ-ഓഡിനേഷനും ഉണ്ടായില്ലെന്നു വ്യക്തമാണ്. വയനാട്ടിലെ ബാണാസുര സാഗര്‍ തുറന്നതു സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞത് അതു തുറക്കുമ്പോള്‍ ആരെയും അറിയിക്കാറില്ല എന്നായിരുന്നു. കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞത് ആവശ്യമായ അറിയിപ്പ് കൊടുത്തിട്ടാണു തുറന്നത് എന്നാണ്. ചീഫ് സെക്രട്ടറി പറഞ്ഞത് വയനാട് കലക്ടറോ താനോ അക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ്. പറമ്പിക്കുളം തുറന്നുവിട്ടാല്‍ അത് ചാലക്കുടിപ്പുഴയിലും ഇടമലയാറ്റിലും അതുവഴി ആലുവ പുഴയിലും എത്തിച്ചേരും എന്ന വിവരം ഭരണാധികാരികള്‍ക്കോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ ഉണ്ടായില്ല എന്നുവേണം അനുമാനിക്കാന്‍. പറമ്പിക്കുളത്തെ വെള്ളം കുറച്ചെങ്കിലും ഉദുമല്‍പേട്ട വഴി കാവേരിയിലേക്ക് ഒഴുക്കിയിരുന്നെങ്കില്‍ ദുരന്തത്തിന്റെ തോത് കുറയ്ക്കാമായിരുന്നു. കോണ്ടൂര്‍ കനാലിലൂടെ 1,400 ഘനയടി വെള്ളം ഒഴുക്കാന്‍ കഴിയുമായിരുന്നെങ്കിലും 950 ഘനയടി മാത്രമാണു തുറന്നുവിട്ടത്. അതും ചാലക്കുടിപ്പുഴയിലെ വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടി. ആളിയാര്‍ ഡാമില്‍ നിന്നു ഭാരതപ്പുഴയിലേക്ക് വെള്ളം നേരത്തേ തന്നെ തുറന്നുവിടാമായിരുന്നു. പമ്പാനദിയിലെ ശബരിഗിരി സിസ്റ്റത്തിലെ, കക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നതും ഒരു മുന്നറിയിപ്പും ഇല്ലാതെയാണ്. അതുകൊണ്ടാണ് റാന്നിയില്‍ രാത്രി ഒന്നരയ്ക്ക് വെള്ളം ഉയര്‍ന്നത്. കലക്ടര്‍ ഉറക്കത്തിലായിരുന്നപ്പോള്‍ ആരുടെ അനുമതിയോടെ വെള്ളം തുറന്നുവിട്ടു എന്നതു വ്യക്തമല്ല. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ നിലവിളി സര്‍ക്കാര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്നതിന്റെ തെളിവാണ്.
മുല്ലപ്പെരിയാറിന്റെ ശേഷി കാണിക്കാനായി തമിഴ്‌നാട് ഡാം തുറന്നുവിടുന്നത് വൈകിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തമിഴ്‌നാടുമായുള്ള കരാര്‍പ്രകാരം ചെയര്‍മാന്‍ഷിപ്പ് ഈ വര്‍ഷം കേരളത്തിനാണ്. എന്നാല്‍, ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വെള്ളം 142 അടി വരെ എത്താന്‍ കഴിയില്ല, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നു പറയാനും അതിനു മുമ്പേ തുറന്നുവിടാനും കഴിയുമായിരുന്നു. അങ്ങനെ ചെയ്‌തെങ്കില്‍ ഇടുക്കിയിലെ വെള്ളവും ക്രമീകരിച്ചു വിടാമായിരുന്നു. അതു ചെയ്തില്ല. ആഗസ്ത് 9നാണ് ഇടുക്കി ഡാം തുറക്കുന്നത്. ഡാം അടയ്ക്കുന്നത് സപ്തംബര്‍ 7നും. ആഗസ്ത് 18ഓടെ മഴ പോയി വെയില്‍ തെളിഞ്ഞു. എന്തു കാരണത്താലാണ് ആഗസ്ത് 18 മുതല്‍ സപ്തംബര്‍ 7 വരെ ഡാം തുറന്നിട്ടത്, അതേ കാരണംകൊണ്ടുതന്നെ അത്രയും ദിവസം മുമ്പേ ഡാം തുറന്നിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. മുന്നറിയിപ്പുണ്ടായിട്ടും അതു മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. പ്രധാനമായും ഡാമുകളുടെ നിയന്ത്രണമുള്ള ഇലക്ട്രിസിറ്റി ബോര്‍ഡിന് ഒരു സിവില്‍ മെംബര്‍പോലുമില്ലെന്നതാണ് നിലവിലെ അവസ്ഥ. ഇതൊന്നും പ്രകൃതിയുണ്ടാക്കിയ പ്രശ്‌നങ്ങളല്ല. ി

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it