Flash News

ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് പുറത്ത്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയില്‍ കേരള ജനപക്ഷത്തിന്റെ പിന്തുണയോടെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ എല്‍ഡിഎഫിനു ഭരണം നഷ്ടമായി. നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദിനെതിരേയും വൈസ് ചെയര്‍പേഴ്‌സന്‍ കുഞ്ഞുമോള്‍ സിയാദിനെതിരേയും കൊണ്ടുവന്ന അവിശ്വാസം ഒരു എല്‍ഡിഎഫ് സ്വതന്ത്രന്റെ പിന്തുണയോടെയാണ് പാസായത്. യുഡിഎഫിലെ 11 അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസത്തെ ജനപക്ഷത്തെ മൂന്ന് അംഗങ്ങള്‍ പിന്തുണച്ചു.
സിപിഎം, സിപിഐ, എസ്ഡിപിഐ അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ച് സിപിഎം സ്വതന്ത്രന്‍ വി കെ കബീറാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്. 28 അംഗ കൗണ്‍സിലില്‍ മുസ്‌ലിംലീഗ്- എട്ട്, എസ്ഡിപിഐ- നാല്, ജനപക്ഷം- നാല്, കോണ്‍ഗ്രസ്- മൂന്ന്, സിപിഎം- ഏഴ്, സിപിഐ- രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ 15 പേരാണ് പ്രമേയത്തെ പിന്തുണച്ചത്.
കൊല്ലം നഗരസഭാ ജോയിന്റ് ഡയറക്ടര്‍ വി ആര്‍ രാജുവിന്റെ മേല്‍നോട്ടത്തില്‍ കനത്ത പോലിസ് സുരക്ഷയിലായിരുന്നു അവിശ്വാസപ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടന്നത്. ഈ ഭരണകാലയളവില്‍ രണ്ടാം തവണയാണ് ചെയര്‍മാനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. സിപിഎം പ്രതിനിധിയായി ജയിച്ച് നഗരസഭാ ചെയര്‍മാനായ ടി എം റഷീദ് ഇപ്പോള്‍ പാര്‍ട്ടി അംഗമല്ല. വി കെ കബീര്‍ നഗരസഭാ ചെയര്‍മാനായേക്കുമെന്നാണ് വിവരം. ജനപക്ഷത്തിന്റെ ബല്‍ഖീസ് നവാസാണ് വൈസ് ചെയര്‍പേഴ്‌സനാവാന്‍ സാധ്യത.
Next Story

RELATED STORIES

Share it