Pravasi

ഈയാഴ്ച മുതല്‍ നാല് റോഡുകള്‍ വഴി തിരിച്ചുവിടും



ദോഹ: ഖത്തറിലെ തിരക്കേറിയ നിരവധി റോഡുകള്‍ ഈ വാരാന്ത്യം മുതല്‍ താല്‍ക്കാലികമായി അടക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. വെസ്റ്റ് ബേ, എജുക്കേഷന്‍ സിറ്റി, തുമാമ, ഉംസലാല്‍ മുഹമ്മദ് ഏരിയകളിലാണ് പ്രധാന റോഡുകള്‍ അടക്കുന്നത്. ലുസൈല്‍ എക്‌സ്പ്രസ് വേ, ദുഖാന്‍ ഹൈവേ ഈസ്റ്റ് എന്നീ രണ്ട് പ്രധാന ഹൈവേകളുടെ പണി നടക്കുന്നതു മൂലമാണ് ചില റോഡുകള്‍ വഴിതിരിച്ചു വിടാന്‍ തീരുമാനിച്ചിട്ടുള്ളത്. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നിന്നു ദഫ്‌നയിലെ ചില എംബസികളിലേക്കും സ്‌കൂളുകളിലേക്കും നീളുന്ന  റോഡാണ് അടച്ചിടുന്നതില്‍ ഒന്ന്. ഇന്നു മുതല്‍ മെയ് മാസം മുഴുവന്‍ ഉമര്‍ അല്‍മുഖ്താര്‍ സ്ട്രീറ്റില്‍ നിന്ന് യുനൈറ്റഡ് നാഷന്‍സ് സ്ട്രീറ്റിലേക്കു വലതു ഭാഗത്തേക്കുള്ള വരിയാണ് അടക്കുന്നത്. കത്താറ, പേള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂളുകളിലേക്കു വരുന്ന വാഹനങ്ങള്‍ ഇതിന് പകരം അടുത്ത റൈറ്റ് ടേണ്‍ എടുക്കണം. ഇത് യുഎന്‍ സ്ട്രീറ്റിലെത്തും മുമ്പ് അല്‍ഇന്‍തിസാര്‍ സ്ട്രീറ്റിലാണ് ചെന്നു ചേരുകയെന്ന് അശ്ഗാല്‍ പ്രസ്താവനയില്‍ അറിയിച്ചു. റോഡ് പണി സമയത്ത് മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കും വേഗതാ പരിധി. ലുസൈല്‍ എക്‌സ്പ്രസ്‌വേയില്‍ പുതുതായി നിര്‍മിക്കുന്ന ബഹുനില അല്‍ഖലീജ് അല്‍ഗര്‍ബി ഇന്റര്‍ചേഞ്ചുമായി ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് ഈ റോഡ് വഴിതിരിച്ചുവിടുന്നത്. ദുഖാന്‍ ഹൈവേ ഈസ്റ്റിനു വേണ്ടി പുതിയ അണ്ടര്‍ പാസ് നിര്‍മിക്കുന്ന എജുക്കേഷന്‍ സിറ്റിയുടെ പടിഞ്ഞാറേ അറ്റത്താണ് മറ്റൊരു റോഡ് പണി. അല്‍റയ്യാന്‍ അല്‍ജദീദ് സ്ട്രീറ്റ്, അല്‍വജ്ബ സ്ട്രീറ്റ് ജങ്ഷന്‍ പുനര്‍നിര്‍ണയിക്കുകയും ക്യു-ടെല്‍ സിഗ്്‌നല്‍ എന്നറിയപ്പെടുന്ന പഴയ ട്രാഫിക് ലൈറ്റ് 100 മീറ്റര്‍ പടിഞ്ഞാറോട്ട് മാറ്റി സ്ഥാപിക്കുകയും ചെയ്യും. മെയ് 5 മുതല്‍ 2018 മാര്‍ച്ച് വരെയാണ് എജുക്കേഷന്‍ സിറ്റിയിലേക്കും അല്‍വജ്്ബ സ്ട്രീറ്റിലേക്കുമുള്ള ചില റോഡുകള്‍ വഴിതിരിച്ചുവിടുക. ദുഖാനില്‍ നിന്ന് എജുക്കേഷന്‍ സിറ്റിയുടെ 15ാം നമ്പര്‍ ഗേറ്റിലേക്കു വരുന്ന വാഹനങ്ങള്‍ പഴയ ട്രാഫിക് സിഗ്നലില്‍ നിന്ന് ഇടത്തേക്കു തിരിയാന്‍ പാടില്ല. പകരം അല്‍റയ്യാന്‍ അല്‍ജദീദ് സ്ട്രീറ്റിലൂടെ മുന്നോട്ട് പോയി അല്‍ശാഫി സിഗ്്‌നലില്‍ നിന്ന് യുടേണ്‍ എടുത്ത് പുതിയ സിഗ്നലില്‍ നിന്ന് വലത്തോട്ട് തിരിയണം. അല്‍റയ്യാന്‍ അല്‍ജദീദ് സ്ട്രീറ്റില്‍ നിന്ന് അല്‍വജ്ബ സ്ട്രീറ്റിലേക്ക് ലെഫ്റ്റ് ടേണ്‍ ഉണ്ടാവില്ല. പകരം പടിഞ്ഞാറോട്ട് പോകുന്ന യാത്രക്കാര്‍ അല്‍ശാഫി സിഗ്്‌നലില്‍ നിന്ന് അല്‍ശാഫി സ്ട്രീറ്റിലേക്ക് ഇടത്തോട്ട് തിരിയണം. തുടര്‍ന്ന് അല്‍വജ്ബ സ്ട്രീറ്റിലെത്തും മുമ്പ് അല്‍ഹമദ് സ്ട്രീറ്റിലേക്ക് വലത്ത് എടുക്കണം. മണിക്കൂറില്‍ 50 കിലോമീറ്ററായിരിക്കും വേഗതാ പരിധിയെന്ന് അശ്ഗാല്‍ അറിയിച്ചു. അതേ സമയം, ഇ-റിങ് റോഡിനും എഫ്-റിങ് റോഡിനും ഇടയിലുള്ള നജ്്മ സ്ട്രീറ്റിലെ ജങ്ഷന്‍ ഭാഗികമായി അടച്ചു. ഇന്നു രാവിലെ 5 മണിയോടെ ഇതു തുറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അല്‍ശമാല്‍ റോഡ്/എക്‌സ്പ്രസ് വേയിലാണ് മറ്റൊരു പണി നടക്കുന്നത്. ഉംസലാല്‍ മുഹമ്മദ് ഉള്‍പ്പെടെയുള്ള വടക്കന്‍ ദോഹ പ്രദേശങ്ങളിലേക്കുള്ള ഗതാഗതത്തെ ഇത് ബാധിക്കും. ദോഹ ഫെസ്റ്റിവല്‍ സിറ്റിക്ക് വടക്കുള്ള അല്‍ഖീസ ഇന്റര്‍ചേഞ്ച് രണ്ടു മാസത്തേക്ക് അടച്ചിട്ടുണ്ട്. പണി നടക്കുന്ന സമയത്ത് ഉംസലാല്‍ മുഹമ്മദ് ഇന്റര്‍ചേഞ്ചോ, അല്‍ഖര്‍ത്തിയാത്ത് ഇന്റര്‍ചേഞ്ചോ ഉപയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നോര്‍ത്ത് റോഡ് കോറിഡോര്‍ നവീകരണത്തിന്റെ ഭാഗമായുള്ള പണിയാണ് ഇവിടെ നടക്കുന്നത്.
Next Story

RELATED STORIES

Share it