ഇ- രേഖ പദ്ധതി: 1464 വില്ലേജുകള്‍ ഡിജിറ്റൈലസേഷന്‍ പൂര്‍ത്തീകരിച്ചു

എന്‍  എ  ശിഹാബ്
തിരുവനന്തപുരം: സംസ്ഥാനത്തെ 1464 വില്ലേജുകളില്‍ അടിസ്ഥാന വില്ലേജ് റിക്കാഡുകള്‍ ഡിജിറ്റലൈസ് ചെയ്യുന്നത് പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന 200 വില്ലേജുകളിലെ റിക്കാഡുകളുടെ ഡിജിറ്റലൈസേഷന്‍ പുരോഗമിച്ചു വരികയാണ്. ഡിജിറ്റൈലസ് ചെയ്ത വില്ലേജുകളില്‍ പോക്കുവരവ് നടപടികള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നിര്‍വഹിക്കാ ന്‍ സൗകര്യമുണ്ടാവും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 415 വില്ലേജുകളില്‍ മാത്രമേ  നടപ്പാക്കിയിരുന്നുള്ളൂ.
അതേസമയം, ഇ-രേഖ പദ്ധതി വഴി സംസ്ഥാനത്ത് 659 വില്ലേജുകളുടെ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്തു. ഈ വില്ലേജുകളിലെ ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക് (എഫ്എംബി) ഓണ്‍ലൈനായി പണമടച്ച് കൈപ്പറ്റാം. നിലവില്‍ ഇടുക്കി, കൊല്ലം കോട്ടയം എന്നീ ജില്ലകളിലാണ് ഈ സൗകര്യമുള്ളത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ വിളപ്പില്‍ വില്ലേജിലും നടപ്പാക്കിയിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന ഭൂമി കച്ചവട തട്ടിപ്പുകള്‍ക്ക് ഇതുവഴി തടയിടാനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. 96 വില്ലേജുകളില്‍ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 337 വില്ലേജുകളുടെ റീസര്‍വെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഓണ്‍ലൈനായി ലഭ്യമാക്കിയിരുന്നില്ല. അതേസമയം, സംസ്ഥാനത്തെ മുഴുവന്‍ ഭൂമിയുടെയും റീസര്‍വേ പൂര്‍ത്തിയാക്കുന്നതിന് ഡിജിറ്റല്‍ സര്‍വെ നടത്തുന്നതിനുള്ള ശുപാര്‍ശ മന്ത്രിസഭാ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റല്‍ സര്‍വേ നടപ്പാക്കുക. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികള്‍, സര്‍വേ ട്രെയിനിങ് ലഭിച്ചവര്‍, സര്‍വേ സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ടാവും ഡിജിറ്റല്‍ സര്‍വേ നടത്തുക. വിവിധ തലത്തിലെ ഡിജിറ്റലൈസേഷന്‍ പൂര്‍ണമാവുന്നതോടെ സബ് രജിസ്ട്രാര്‍ ഓഫിസുകളെയും വില്ലേജ്, താലൂക്ക് ഓഫിസുകളെയും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ബന്ധിപ്പിക്കും.
വസ്തുവിന്റെ കരം ഉള്‍പ്പെടെ വില്ലേജോഫിസില്‍ അടയ്‌ക്കേണ്ട നികുതികള്‍ ഓണ്‍ലൈനായിത്തന്നെ അടയ്ക്കാനും പൊതുജനങ്ങള്‍ക്ക് വില്ലേജ് രേഖകള്‍ ഓണ്‍ലൈനായി പരിശോധിക്കാനും കഴിയും. വസ്തു രജിസ്റ്റര്‍ ചെയ്യുന്ന ദിവസം തന്നെ വില്ലേജ് ഓഫിസില്‍ കരം അടയ്ക്കാനുള്ള സൗകര്യവും ഇതോടെ നിലവില്‍ വരും. വില്ലേജ് ഓഫിസിലെത്താതെ ലോകത്ത് എവിടെയിരുന്നും ഇ- പേമെന്റിലൂടെ കരം അടയ്ക്കാനുള്ള വിപുലമായ സാധ്യതകളാണ് ഓണ്‍ലൈന്‍ പോക്കുവരവ് സംവിധാനം തുറന്നിടുന്നത്.
Next Story

RELATED STORIES

Share it