palakkad local

ഇ -പോസും ജിപിഎസും വന്നില്ല : റേഷന്‍ മാഫിയ വിലസുന്നു



എം വി വീരാവുണ്ണി

പട്ടാമ്പി: റേഷന്‍ വിതരണത്തിലെ അഴിമതി അവസാനിപ്പിക്കാന്‍ 2017 മാര്‍ച്ച് 31 അവസാനിക്കുന്നതിന് മുമ്പ് ഇ -പോസ്, ജിപിഎസ് സംവിധാനങ്ങള്‍ നടപ്പാക്കുമെന്ന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ തീരുമാനം ഏപ്രില്‍ മാസം കഴിഞ്ഞിട്ടും നടപ്പായില്ല. റേഷന്‍ സാധനങ്ങള്‍ കൊണ്ടു പോവുന്ന വാഹനങ്ങളില്‍ ജിപിഎസ് ഉപകരണം ഘടിപ്പിച്ചാല്‍ വണ്ടിയൂടെ സഞ്ചാര ദിശ കൃത്യമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അറിയുന്നതിനുള്ള സംവിധാനമാണ് ജിപിഎസ്. ഉപകരണം വാങ്ങുന്നതിനും വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിനുമുള്ള ചെലവ് ആര് വഹിക്കുമെന്നതിലുള്ള തര്‍ക്കമാണ് പദ്ധതി അനിശ്ചിതമായി നീണ്ടു പോകാന്‍ കാരണമെന്ന്് ഭക്ഷ്യ വിതരണ വകുപ്പിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോറി ഉടമകള്‍ സ്വന്തംചെലവില്‍ ജിപിഎസ് ഉപകരണം വാങ്ങി ഫിറ്റ് ചെയ്യണമെന്ന് കരാറില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാറിന്റെ നിലപാട്. അതേസമയം, ഭക്ഷ്യ വിതരണ വകുപ്പോ സിവില്‍ സപ്ലൈസ് കോര്‍പറേഷനോ ഉപകരണം വാങ്ങി ഘടിപ്പിക്കണമെന്നാണ് കരാറുകാരൂടെ അഭിപ്രായം. ഇരുവകുപ്പുകളും ഇക്കാര്യത്തില്‍ ഇതുവരെ  യോജിപ്പില്‍ എത്താത്തതാണ് പദ്ധതി നീണ്ടുപോകാന്‍കാരണമെന്ന്് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപോസിന്റെ (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) മെഷീന്‍ സംസ്ഥാനത്താകെയുള്ള 14,419 റേഷന്‍ കടകളിലും കഴിഞ്ഞ ഏപ്രില്‍ 30 നകം സ്ഥാപിക്കുമെന്ന ഭക്ഷ്യവകുപ്പ് മന്ത്രിയൂടെ പ്രസ്്താവനയും ജലരേഖയായി. ഇപോസ് മെഷീന്‍ സ്ഥാപിച്ച കടയിലുള്ള മെഷീനില്‍ റേഷന്‍ കാര്‍ഡുടമയോ  കാര്‍ഡില്‍ പേരുള്ള മറ്റേതെങ്കിലും അംഗങ്ങളോ വിരല്‍ അമര്‍ത്തിയാല്‍ നടപ്പൂ മാസം ആ കാര്‍ഡിന് അനുവദിച്ചിട്ടുള്ള റേഷന്‍ സാധനങ്ങളുടെ കൃത്യമായ അളവും തൂക്കവും ഡിസ്‌പ്ലേയില്‍ കാണാന്‍ കഴിയും. ഇതു സാധ്യമായാല്‍ ് കടയുടമയുടെ വെട്ടിപ്പും ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ സ്വകാര്യ വ്യക്തികളെയും ഇടനിലക്കാരെയും ഒഴിവാക്കി സര്‍ക്കാര്‍ നേരിട്ടാണ് ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകളിലേക്ക് എത്തിക്കൂന്നത് എന്ന് പറയുന്നത് ശരിയല്ല. സംസ്ഥാനത്താകെ റേഷന്‍ സാധനങ്ങള്‍ കൊണ്ട് പോകൂന്ന ഒരു വണ്ടിയില്‍ പോലും ജിപിഎസ് ഘടിപ്പിച്ചതായി അറിവില്ല. കഴിഞ്ഞ മാര്‍ച്ച് 9 മുതല്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച കൊല്ലം ജില്ലയില്‍ പേരിന് പോലൂം ജീപിഎസ് സ്ഥാപിച്ചിട്ടുമില്ല. അതു തന്നെയാണ് ഇപോസ് മെഷീന്റെ അവസ്ഥയും. കരിഞ്ചന്തക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിത ബന്ധമാണ് മുഖ്യകാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Next Story

RELATED STORIES

Share it