Pravasi

ഇ-ഗേറ്റ് ഉപയോഗിക്കുന്നതിന് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് മന്ത്രാലയം



ദോഹ: പാസ്‌പോര്‍ട്ട് പുതുക്കിയ ഖത്തര്‍ നിവാസികള്‍ ഇ-ഗേറ്റ് ഉപയോഗിക്കുന്നതിന് ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ്, സര്‍വീസ് സെന്ററുകള്‍ എന്നിവയില്‍  എവിടെ നിന്നെങ്കിലും തങ്ങളുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധുവായ ഐഡി കാര്‍ഡുള്ള ആര്‍ക്കും ഹമദ് വിമാനത്താവളം വഴിയുള്ള പോക്കിനും വരവിനും ഇ-ഗേറ്റ് ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. ഈ സേവനത്തിന് ചാര്‍ജ് നല്‍കേണ്ടതില്ല. ഇതുവഴി ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും ധാരാളം സമയം ലാഭിക്കാനും സാധിക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികളോടൊപ്പമുള്ള കുടുംബമാണെങ്കില്‍ ഇ-ഗേറ്റ് ഉപയോഗിക്കാനാവില്ല. 18 വയസ്സിന് മുകളിലുള്ള എല്ലാ പ്രവാസികള്‍ക്കും ഐഡി കാര്‍ഡ് ഉപയോഗിച്ച് ഇ-ഗേറ്റ് പ്രയോജനപ്പെടുത്താം. ഇ-ഗേറ്റിലുള്ള കാര്‍ഡ് റീഡര്‍ മെഷീനില്‍ ഐഡി കാര്‍ഡ് സ്‌കാന്‍ ചെയ്ത ശേഷം വിരലടയാളമോ കണ്ണിലെ കൃഷ്ണ മണിയോ സ്‌കാന്‍ ചെയ്യണം. ഐഡിയിലെ വിവരങ്ങളും വിരല്‍/റെറ്റിന അടയാളവും മാച്ച് ചെയ്താല്‍ ഇ-ഗേറ്റ് തുറക്കും. എല്ലാ ഖത്തര്‍ നിവാസികളും ഡിപാര്‍ച്ചര്‍ ഗേറ്റുകള്‍ക്കു സമീപത്തുള്ള ചെറിയ ഓഫിസില്‍ നിന്ന് വിരലടയാളം സ്‌കാന്‍ ചെയ്യണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു. ഒന്നോ രണ്ടോ മിനിറ്റിനകം പൂര്‍ത്തിയാവുന്ന പ്രക്രിയയാണിത്. ഇതിന് ശേഷം വിരലടയാളം ഉപയോഗിച്ച് ഇ-ഗേറ്റ് വഴി അകത്തേക്കു കടക്കാനാവും. കണ്ണ് സ്‌കാന്‍ ചെയ്യുന്നതിനേക്കാള്‍ എളുപ്പമാണ് ഇതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it