World

ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ നീക്കം

ജറുസലേം: ഇസ്രായേലിനെ ജൂത രാഷ്ട്രമായി പ്രഖ്യാപിക്കുന്ന ബില്ലിന്റെ അന്തിമ രൂപത്തിന് ഭരണകക്ഷികള്‍ അംഗീകാരം നല്‍കി. വിവാദമായ ബില്ല് ഏഴു വര്‍ഷത്തോളമായി നീട്ടിവച്ചിരിക്കുകയായിരുന്നു. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ത്വരിതഗതിയിലാക്കിയിട്ടുണ്ട്. ആഴ്ചകള്‍ക്കകം നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫലസ്തീനികള്‍ക്ക് ഏറെ ഉപദ്രവം ചെയ്യുന്ന ബില്ലിന്, സാധാരണ നിയമങ്ങള്‍ക്ക് നല്‍കുന്നതിനേക്കാള്‍ വന്‍ പ്രാധാന്യത്തോടെയാണ് പാര്‍ലമെന്റ് ജസ്റ്റിസ് കമ്മിറ്റി അംഗീകാരം നല്‍കിയത്.
ഇസ്രായേലിനെ മതാതീയ ജനാധിപത്യത്തിലേക്കു മാറ്റുന്നത് ബില്ലിലൂടെ തടയാനാവും. ബില്ല് നിയമമാവുന്നതോടെ ഇസ്രായേലില്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം വരുന്ന ക്രൈസ്തവരും മുസ്‌ലിംകളുമായ തദ്ദേശവാസികള്‍ രണ്ടാം തരം പൗരന്‍മാരാവും.
സര്‍ക്കാരിന്റെ വംശവെറി നയങ്ങളെ പ്രകടമായ രീതിയില്‍ സ്ഥാപനവല്‍ക്കരിക്കുന്നതാണ് ബില്ലെന്ന് പാര്‍ലമെന്റിലെ ഫലസ്തീന്‍ പ്രതിനിധി അയ്ദ തൗമ സുലൈമാന്‍ അഭിപ്രായപ്പെട്ടു. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ്ബാങ്കിലും നടത്തുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന് ഇസ്രായേലിലെ വലതുപക്ഷ സര്‍ക്കാരിനുള്ള എല്ലാ തടസ്സങ്ങളും നീക്കുന്നതാണ് ബില്ല്.
2011ല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്യുഡ് പാര്‍ട്ടി അംഗം അവി ഡിച്ചര്‍ ആയിരുന്നു പാര്‍ലമെന്റില്‍ ബില്ല് കൊണ്ടുവന്നത്. ഏഴുവര്‍ഷത്തിനു ശേഷം ബില്ല് വീണ്ടും ചെറിയ മാറ്റങ്ങളോടെ അവതരിപ്പിക്കുകയായിരുന്നു. ജനാധിപത്യവിരുദ്ധ നീക്കങ്ങളാണ് ബില്ലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബില്ല്  നിയമമായാല്‍ 18 ലക്ഷത്തോളം വരുന്ന ഫലസ്തീനികളെ പുറത്താക്കുന്ന നടപടികള്‍ എളുപ്പം നടപ്പാക്കാന്‍ ഭരണകൂടത്തിന് സഹായകരമാവും. ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള യഹൂദര്‍ക്ക് ഇസ്രായേലിലേക്ക് പ്രവേശനം നല്‍കുന്ന നിയമത്തിന് ബില്ല് ശക്തി പകരും.
Next Story

RELATED STORIES

Share it