ഇസ്മയില്‍ പക്ഷത്തെ തുടച്ചുനീക്കി കാനം

കൊല്ലം: ദേശീയ കൗണ്‍സിലിലേക്കുള്ള കേരളത്തിലെ പ്രതിനിധികളുടെ തിരഞ്ഞെടുപ്പില്‍ ഇസ്മയില്‍ പക്ഷത്തെ പൂര്‍ണമായും ഒഴിവാക്കി കാനം സമ്പൂര്‍ണ ആധിപത്യം നേടി. കഴിഞ്ഞ കൗണ്‍സിലിലുണ്ടായിരുന്ന സി ദിവാകരന്‍ ഉള്‍പ്പെടെ നാലു പേരെ ഒഴിവാക്കി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും കാനം പക്ഷക്കാരാണ്. ഇന്നലെ രാവിലെ നടന്ന കേരള പ്രതിനിധികളുടെ യോഗമാണ് ദേശീയ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള പാനല്‍ തയ്യാറാക്കിയത്. മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ പി രാജേന്ദ്രന്‍, എന്‍ രാജന്‍, എന്‍ അനിരുദ്ധന്‍, പി വസന്തം എന്നിവരാണ് പുതുമുഖങ്ങള്‍.
സി ദിവാകരനു പുറമേ കടുത്ത ഇസ്മയില്‍ പക്ഷക്കാരായ സി എന്‍ ചന്ദ്രന്‍, കമല സദാനന്ദന്‍ എന്നിവരും ഒഴിവാക്കപ്പെട്ടു. സത്യന്‍ മൊകേരിയാണ് സ്ഥാനം നഷ്ടപ്പെട്ട കാനം ഗ്രൂപ്പുകാരന്‍. യോഗത്തില്‍ സി എന്‍ ചന്ദ്രന്‍ അതൃപ്തി രേഖപ്പെടുത്തി. തീരുമാനം മുന്‍കൂട്ടി അറിഞ്ഞ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ സി ദിവാകരന്‍ അമര്‍ഷം പരസ്യമാക്കി. തനിക്ക് ഗോഡ്ഫാദറില്ല; അതാണ് തന്റെ കുഴപ്പമെന്നും സി ദിവാകരന്‍ പറഞ്ഞു. ആരുടെയും സഹായത്തോടെ തുടരാനില്ലെന്നും അദ്ദേഹം തുറന്നടിച്ചു. അതേസമയം, ഒന്നും പറയാനില്ലെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം.
തീരുമാനത്തില്‍ വിഭാഗീയതയില്ലെന്ന് കാനം പറഞ്ഞു. പുതുമുഖ പ്രാതിനിധ്യത്തിനുള്ള പാര്‍ട്ടിയിലെ വ്യവസ്ഥ മറയാക്കിയാണ് കാനം എതിര്‍പക്ഷത്തെ നിഷ്പ്രഭമാക്കിയത്. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ പേരില്‍ കാനം-ഇസ്മയില്‍ പക്ഷങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയെങ്കിലും കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ചയ്ക്ക് വരാതിരുന്നതാണ് ഇസ്മയിലിനു ദേശീയ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിന് അവസരമൊരുക്കിയത്. എന്നാല്‍, കൂടെ നിന്നവര്‍ക്കെല്ലാം സ്ഥാനം നഷ്ടമായി.
Next Story

RELATED STORIES

Share it