ഇവിടെയും ജീവിക്കാന്‍ ഭയം: ചിത്രലേഖ

കണ്ണൂര്‍: ജാതിവിവേചനത്തെ തുടര്‍ന്ന് പയ്യന്നൂര്‍ എടാട്ടെ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ നിന്നു ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിലേക്ക് പലായനം ചെയ്യേണ്ടി വന്ന തനിക്ക് ഇവിടെയും ജീവിക്കാന്‍ ഭയമാണെന്നു ചിത്രലേഖ. നിര്‍മാണം പുരോഗമിക്കുന്ന വീടിനു മുന്നില്‍ നായയെ കഴുത്തറുത്തു കൊന്ന സംഭവത്തിനു പിന്നാലെ പോലിസ് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ചിത്രലേഖ.
എന്നാല്‍, കോടതി ഉത്തരവുണ്ടായാലും പുതിയ വീട്ടിലും തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്ന ഭയമുണ്ടെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ടാണ് കഴുത്തില്‍ കേബിള്‍ വയറിട്ട് മുറുക്കിക്കൊന്ന നിലയില്‍ കാട്ടാമ്പള്ളിയിലെ പുതിയ വീടിനു മുന്നില്‍ നായയെ കണ്ടെത്തിയത്. ഏതാനും ദിവസമായി വീട്ടില്‍ നിര്‍മാണം നടന്നിരുന്നില്ല. അതിനാല്‍, രാത്രിയുടെ മറവില്‍ ആരോ കൊണ്ടിട്ടതാവാമെന്നു കരുതുന്നു. ഇനി അധികകാലം ഞാനും കുടുംബവും ജീവിച്ചിരിക്കുമോയെന്ന് അറിയില്ലെന്നും അതിനുള്ള തെളിവാണ് നായയെ കൊന്നിട്ടതിലൂടെ ബോധ്യപ്പെടുന്നതെന്നും ചിത്രലേഖ പറഞ്ഞു.
ഭൂമി തിരിച്ചെടുക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിനെതിരായ ഹരജി അടുത്തയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവം.
Next Story

RELATED STORIES

Share it