ഇലപൊഴിയും കാലത്തെ കമ്മ്യൂണിസം

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍

ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സിനുള്ള തയ്യാറെടുപ്പിലാണ് വീരവിപ്ലവ പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വം. വീര്‍സിങ് മാര്‍ഗിലെ പാര്‍ട്ടി ആസ്ഥാനത്ത് പക്ഷേ, ഇപ്പോള്‍ പണ്ടത്തെപ്പോലുള്ള വിപ്ലവവീര്യം ഒന്നും തുളുമ്പിനില്‍ക്കുന്നതു കാണാനില്ല. സത്യത്തില്‍ ആകപ്പാടെ ഒരു മൗഢ്യവും അസ്വസ്ഥതയുമാണ് ആസ്ഥാനത്തെ ചിരപരിചിത മുഖങ്ങളില്‍ തെളിഞ്ഞുകാണുന്നത്. എന്തുകൊണ്ടാണ് ആഗോള വിപ്ലവപ്പാര്‍ട്ടിയുടെ ആസ്ഥാനത്ത് കുട്ടിചത്ത കുരങ്ങന്റെ അവസ്ഥയിലുള്ള സ്ഥിതി വന്നുചേര്‍ന്നത്? അതിനു കാരണം പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ സംബന്ധിച്ച യാഥാര്‍ഥ്യബോധം പതുക്കെയാണെങ്കിലും നേതൃതലത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതുതന്നെ. 1930കളില്‍ ആവിര്‍ഭവിച്ച പാര്‍ട്ടിയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. 1964ല്‍ ആദ്യത്തെ പിളര്‍പ്പു നേരിട്ടു. അതിനുശേഷം പല സംസ്ഥാനങ്ങളില്‍ അധികാരം പങ്കിട്ടു. കേരളത്തിലും ബംഗാളിലും ത്രിപുരയിലും ദീര്‍ഘകാലം ഭരണം നിയന്ത്രിച്ചു. ചെങ്കോട്ടയില്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്ന അവസരം വന്നുചേരും എന്നുപോലും ചിന്തിക്കാവുന്ന കാലഘട്ടം പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഉണ്ടായിരുന്നു. 1997 അങ്ങനെയൊരു വര്‍ഷമായിരുന്നു. അക്കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യമുന്നണിക്കു പ്രധാനമന്ത്രിപദവി ആദ്യമായി വാഗ്ദാനം ചെയ്യപ്പെട്ടത് ജ്യോതിബസുവിനായിരുന്നു. അന്ന് അതു തട്ടിമാറ്റി. പിന്നീട് ബംഗാളിലെ ഭരണം തന്നെ കൈമോശം വന്നു. ഇപ്പോള്‍ കോണ്‍ഗ്രസ്സിനേക്കാള്‍ കഷ്ടമാണ് ബംഗാളില്‍ പാര്‍ട്ടിയുടെ നില. അടുത്തൊന്നും അവിടെ ഒരു തിരിച്ചുവരവ് ആരും പ്രതീക്ഷിക്കുന്നില്ല. കേരളത്തിലും കാര്യങ്ങള്‍ പോവുന്നത് കുഴപ്പത്തിലേക്കാണെന്ന് നേതൃതലത്തില്‍ നല്ല ബോധ്യമുണ്ട്. കേരളക്കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം, നിങ്ങള്‍ അവിടെ ഇരുന്നാല്‍ മതി എന്നാണ് കേരള നേതാക്കള്‍ കട്ടായമായി പറഞ്ഞിരിക്കുന്നത്. അതിനാല്‍ സംസ്ഥാനത്ത് പാര്‍ട്ടി ഭരണം വന്നിട്ട് ഒന്നരക്കൊല്ലമായിട്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അങ്ങോട്ടു കടക്കാറില്ല. വല്ല പരിപാടിയും ഉണ്ടെങ്കില്‍ അപ്പോള്‍ തന്നെ പോയി മടങ്ങും. ഭരണകാര്യത്തില്‍ ഉപദേശമോ നിര്‍ദേശമോ ഒന്നും കൊടുക്കാറില്ല. ആരും ചോദിക്കാറുമില്ല. ചോദിക്കാതെ ഉപദേശം കൊടുക്കാമെന്നു വച്ചാല്‍ അതു കൈയില്‍ വച്ചാല്‍ മതിയെന്നു കേരള സഖാക്കള്‍ തീര്‍ത്തുപറയും. എന്താണ് പാര്‍ട്ടിയുടെ ഭാവി എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു പിടിയുമില്ല. നേതാക്കള്‍ പതിവുപോലെ ദിനേന ആസ്ഥാനത്തു വരും. ഉള്ളവര്‍ ചേര്‍ന്ന് അവയ്‌ലബിള്‍ പിബി എന്ന പതിവു ചടങ്ങു നടത്തും. പിബിയിലെ സീനിയര്‍ അംഗങ്ങള്‍ തമ്മില്‍ യാതൊരു അഭിപ്രായ ഐക്യവുമില്ല. വ്യക്തിബന്ധങ്ങള്‍പോലും വല്ലാതെ മുരടിച്ചുപോയി എന്നാണ് കാര്യവിവരമുള്ളവര്‍ പറയുന്നത്. അതിനാല്‍, പാര്‍ട്ടിയുടെ നയവും പരിപാടിയും തയ്യാറാക്കാന്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ തന്നെ തയ്യാറെടുക്കുകയാണ് നേതൃത്വം. കോണ്‍ഗ്രസ്സുമായി കൂട്ടുവേണോ വേണ്ടയോ എന്നതാണു പ്രശ്‌നം. സത്യത്തില്‍ അതിന്റെ പേരില്‍ ഇങ്ങനെ കലഹിക്കേണ്ട കാര്യമെന്തെന്ന് ആരും ആലോചിച്ചുപോവും. നാട്ടില്‍ ബിജെപി ഭരണത്തെ എതിര്‍ക്കാന്‍ കൂട്ടുകൂടാന്‍ കോണ്‍ഗ്രസ്സല്ലാതെ വേറെ ആരാണുള്ളത്? പിന്നെ കൂട്ടുകൂടാനായി എവിടെയാണ് വിപ്ലവപ്പാര്‍ട്ടിക്ക് വോട്ടുള്ളത്? ആസ്ഥാനമന്ദിരം നില്‍ക്കുന്ന ഡല്‍ഹിയിലെ ഗോള്‍മാര്‍ക്കറ്റ് ഏരിയയില്‍ ഒരു ഡസന്‍ വോട്ട് തികച്ചുകാണില്ല പാര്‍ട്ടിക്ക്. ആസ്ഥാനമന്ദിരത്തിലെ ഉദ്യോഗസ്ഥരില്‍ പലരും നാട്ടിലാണ് വോട്ട് ചെയ്യുന്നത്. അങ്ങനെ രാഷ്ട്രീയമായി രാജ്യത്ത് അസ്തിത്വം നഷ്ടപ്പെട്ടിരിക്കുന്നു എന്ന പരമസത്യം നേതാക്കളും തിരിച്ചറിയുന്നു. അത് അണികളും അധികം വൈകാതെ മനസ്സിലാക്കും. സോവിയറ്റ് യൂനിയന്‍ തകര്‍ന്നത് ഏഴു പതിറ്റാണ്ടു കഴിഞ്ഞ ശേഷമാണ്. ഇപ്പോള്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഏഴു പതിറ്റാണ്ടു കഴിഞ്ഞു. ഇലപൊഴിയും കാലമാണ് നാട്ടിലെങ്ങും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലും ഇത് ജരാനരയുടെയും ഇലപൊഴിയലിന്റെയും കാലം തന്നെ.           ി
Next Story

RELATED STORIES

Share it