Flash News

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേട് : കൃത്രിമം സാധ്യമല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍



ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വമോ കൈകടത്തലോ സാധിക്കില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍. യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നു തെളിയിക്കാന്‍ രണ്ടുദിവസത്തെ സമയം അനുവദിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. ഇതിനായുള്ള തിയ്യതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2019ലെ പൊതുതിരഞ്ഞെടുപ്പു മുതല്‍ ആര്‍ക്കാണ് വോട്ട്‌ചെയ്തതെന്ന് വ്യക്തമാക്കുന്ന റസിപ്റ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രം ഉപയോഗിക്കാനും ഇന്നലത്തെ യോഗത്തില്‍ തീരുമാനമായി. വോട്ടിങ് യന്ത്രങ്ങള്‍ ഇനി ഉപയോഗിക്കരുതെന്ന്  ബിജെപിയൊഴികെയുള്ള കക്ഷികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. വിവിപാറ്റ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതു വരെ പഴയ ബാലറ്റ് പേപ്പറിലേക്കു മടങ്ങിപ്പോവണമെന്ന് പ്രതിപക്ഷ കക്ഷികള്‍ നിലപാടെടുത്തു. എന്നാല്‍, വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താന്‍ കഴിയില്ലെന്നും ഇവിഎം തന്നെ തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചാല്‍ മതിയെന്നായിരുന്നു ബിജെപിയുടെ നിലപാട്. വിവിപാറ്റ് യന്ത്രങ്ങളും വേണ്ടെന്ന നിലപാടാണ് ബിഎസ്പിയടക്കമുള്ള ചില കക്ഷികള്‍ യോഗത്തില്‍ എടുത്തത്.ഇനിമുതല്‍ ബാലറ്റ് പേപ്പര്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നു ബിഎസ്പി പ്രതിനിധി പറഞ്ഞു. യന്ത്രങ്ങളില്‍ തിരിമറി സാധ്യമല്ലെന്ന് കാണിക്കാനാണ് തിരഞ്ഞെടുപ്പ് കമീഷന്‍ ശ്രമിക്കുന്നതെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് വികസിതരാജ്യങ്ങള്‍ വോട്ടിങ് യന്ത്രം ഉപയോഗിക്കാത്തതെന്നു സിപിഐ ദേശീയ സെക്രട്ടറി അതുല്‍ അഞ്ചന്‍ ചോദിച്ചു. തിരഞ്ഞെടുപ്പിന് കോര്‍പറേറ്റുകളുടെ ഫണ്ട് ഒഴുകുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുന്ന വിധത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് സിപിഐ, ആര്‍ജെഡി, ആര്‍എല്‍ഡി എന്നീ കക്ഷികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, യന്ത്രം ഹാക്ക് ചെയ്യാമെന്ന് തെളിയിക്കുന്നതിനായി ഒരുദിവസം നിശ്ചയിക്കണമെന്ന തങ്ങളുടെ ആവശ്യം നിരസിച്ചതായി എഎപി അറിയിച്ചു. എഎപിക്കു വേണ്ടി മുതിര്‍ന്ന നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയാണ് യോഗത്തില്‍ പങ്കെടുത്തത്. കമ്മീഷന്റെ യന്ത്രങ്ങള്‍ തരൂ തങ്ങളത് ഹാക്ക്‌ചെയ്തു കാണിച്ചുതരാമെന്ന് അപേക്ഷിച്ചെങ്കിലും അതു നിരസിക്കപ്പെട്ടതായി യോഗം നടന്ന ഹാളിനു പുറത്തുവച്ച് എഎപി നേതാവ് സൗരവ് ഭരദ്വാജ് മാധ്യമങ്ങളോടു പറഞ്ഞു. 35 സംസ്ഥാന പാര്‍ട്ടികളുടെയും ഏഴു ദേശീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധര്‍ വിശദീകരിച്ചു. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ യന്ത്രം തയ്യാറാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭെല്ലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഐഐടി എന്‍ജിനീയര്‍മാര്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്തു.
Next Story

RELATED STORIES

Share it