Flash News

ഇറ്റാലിയന്‍ സീരി എ: ഒരു സമനിലയകലെ യുവന്റസിന് കിരീടം

ഇറ്റാലിയന്‍ സീരി എ: ഒരു സമനിലയകലെ യുവന്റസിന് കിരീടം
X

ടൂറിന്‍: തുടര്‍ച്ചയായി ഏഴാം തവണയും കിരീടം നാട്ടിലെത്തിക്കാന്‍ യുവന്റസിന് ഒരു സമനിലയുടെ ദൂരം മാത്രം.രണ്ടാമതുള്ള നാപ്പൊളി സമനില വഴങ്ങിയാലും പരാജയപ്പെട്ടാലും യുവന്റസിന് കിരീടം സ്വന്തമാക്കാം. ഇന്നലെ സ്വന്തം തട്ടകത്തില്‍ ബൊലാഗ്നയെ 3-1ന് പരാജയപ്പെടുത്തിയതോടെയാണ് യുവന്റസ് കിരീടപ്രതീക്ഷ നിലനിര്‍ത്തിയത്. എന്നാല്‍ ജയം മാത്രം അനിവാര്യമായിരുന്ന നാപൊളി 2-2ന് ന് ടോറിനോയോട് സമനില വഴങ്ങിയതോടെയാണ് യുവന്റസിന് കിരീടം നേടാന്‍ സമനില മാത്രം മതി എന്ന അവസ്ഥയുണ്ടായത്.   രണ്ട് മല്‍സരങ്ങള്‍ മാത്രം അവശേഷിക്കേ ഒന്നാം സ്ഥാനത്തുള്ള യുവന്റസിന് 91 പോയിന്റും രണ്ടാമതുള്ള നാപ്പൊളിക്ക് 85 പോയിന്റുമാണുള്ളത്. ഇനിയുള്ള രണ്ട് മല്‍സരം ജയിച്ചാലും നാപ്പൊളിക്ക് നിലവിലെ യുവന്റസിന്റെ സ്‌കോറായ 91 പോയിന്റേ ആവുകയുള്ളു. ഇതോടെയാണ് യുവന്റസ് ഒരു സമനിലയെങ്കിലും നേടിയാല്‍ കിരീടം സ്വന്തമാക്കാം എന്ന കണക്ക് പുറത്ത് വന്നത്. രണ്ട് കളികളിലും യുവന്റസ് തോല്‍ക്കുകയും നാപ്പൊളി ജയിക്കുകയും ചെയ്താല്‍ ഗോള്‍ ശരാശരിയുടെ മികവില്‍ കിരീടാവകാശിയെ പ്രഖ്യാപിക്കും.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു 33 തവണ സീരി എ കിരീടം നേടിയ യുവന്റസിന്റെ ജയം. കളിയുടെ തുടക്കത്തില്‍ തന്നെ കരുത്ത് തെളിയിച്ചാണ് യുവന്റസ് പന്ത് തട്ടിയത്. എന്നാല്‍ 19ാം മിനിറ്റില്‍ ബൊളാഗ്ന താരം ലോറന്‍സോ ക്രിസെറ്റിഗിന്റെ തകര്‍പ്പന്‍ ഷോട്ട് യുവന്റസ് വല ലക്ഷ്യമായി പാഞ്ഞെങ്കിലും ഗോളി ജിയാന്‍ ലുജി ബഫന്റെ അവസരോചിത ഇടപെടലില്‍ നിഷ്ഫലമായി. എന്നാല്‍ യുവന്റസിന് ഷോക്ക് നല്‍കി 27ാം മിനിറ്റില്‍ റഫറി യുവന്റസിനെതിരേ പെനല്‍റ്റി വിധിച്ചു. യുവന്റസ് താരം ഡാനിയല്‍ റുഗാനി എതിര്‍ താരത്തിന്റെ ജഴ്‌സി ശക്തിയായി വലിച്ചതിനാണ് റഫറി പെനല്‍റ്റി വിധിച്ചത.് പെനല്‍റ്റിയെടുത്ത സിമോണ വെര്‍ഡിക്ക് പിഴച്ചില്ല. പന്ത് വലയിലേക്ക്. ബൊളാഗ്ന 1-0ന് മുന്നില്‍. പിന്നീട് കിരീടം ലക്ഷ്യമിട്ട് സമനിലയ്ക്ക് വേണ്ടി പൊരുതിയ യുവന്റസിന് 57ാം മിനിറ്റില്‍ സെല്‍ഫ് ഗോളാശ്വാസം ലഭിച്ചു. ബൊളാഗ്ന പോസ്റ്റില്‍ വച്ച്  ഡിഫന്‍ഡര്‍ സെബാസ്റ്റ്യന്‍ ഡിമായോയ പന്ത് ക്ലിയര്‍ ചെയ്യാന്‍ വേണ്ടി പുറത്തേക്ക് ഷോട്ടുതിര്‍ത്തെങ്കിലും വലയിലേക്ക് കയറുകയായിരുന്നു. മല്‍സരം 1-1. പിന്നീട് 63ാം മിനിറ്റില്‍ സാമി ഖെദീരയുടെ ഗോളില്‍ യുവന്റസ് 2-1ന് മുന്നില്‍. വീണ്ടും ഗോള്‍ ദാഹത്തോടെ കളിച്ച യുവന്റസിന് അഞ്ച് മിനിറ്റിനുള്ളില്‍ ഡിബാല മൂന്നാം ഗോളും സമ്മാനിച്ചു. തുടര്‍ന്ന് ഗോളുകള്‍ വീഴാതിരുന്നതോടെ 3-1ന്റെ ജയവും ഒപ്പം കിരീടത്തിലേക്കുള്ള ചുവടുവയ്പ്പ് ഒന്നു കൂടി ഉറപ്പിക്കാനും യുവന്റസിനായി. എന്നാല്‍ രണ്ട് തവണ പിറകില്‍ നിന്ന ശേഷമാണ് ടോറിനോ നാപ്പൊളിയെ സമനിലയില്‍ തളച്ചത്. നാപ്പൊളിക്ക് വേണ്ടി മെര്‍ട്ടെന്‍സും ഹംസിക്കും ഗോളുകള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it