World

ഇറ്റലി: ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷി

റോം: ഇറ്റാലിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കൃത്യമായ ഭൂരിപക്ഷം ലഭിച്ചില്ല. മൂന്നിലൊന്നു സീറ്റുകള്‍ നേടി ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തങ്ങള്‍ക്കാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അര്‍ഹതയെന്നും പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു.
കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കുന്നതിനു മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച തുടങ്ങിയതായും ഫൈവ് സ്റ്റാര്‍ നേതാവ് ലൂയി ഡി മയ്‌യൊ അറിയിച്ചു. എന്നാല്‍, മധ്യവലതുപക്ഷ സഖ്യത്തിനു രാജ്യം ഭരിക്കാനാവശ്യമായ ഭൂരിപക്ഷം നേടിയിട്ടുണ്ടെന്ന അവകാശവാദവുമായി കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ ലീഗ് നേതാവ് മറ്റിയോ സാല്‍വിനിയും രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സഖ്യരൂപീകരണത്തിനും സര്‍ക്കാര്‍ അധികാരമേല്‍ക്കാനും ആഴ്ചകളെടുക്കുമെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പില്‍ ഫൈവ് സ്റ്റാറിന് 32.6 ശതമാനം വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 18.7ഉം ലീഗിന് 17.4ഉം ഫ്രോസ ഇറ്റാലിയക്ക് 14 ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനപ്രിയ പ്രചാരണങ്ങളിലൂടെ ശ്രദ്ധേയമായിരുന്നു യൂറോപ്യന്‍ വിരുദ്ധ നിലപാട് വച്ചുപുലര്‍ത്തുന്ന ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റ്.
എന്നാല്‍, പാര്‍ലമെന്റിന്റെ പ്രതിനിധി സഭയില്‍ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്‌കോണിയുടെ ഫോര്‍സാ ഇറ്റാലിയ പാര്‍ട്ടിയും വലതുപക്ഷ കക്ഷിയായ ലീഗും ചേര്‍ന്ന സഖ്യം ഭൂരിപക്ഷം നേടി.
630 അംഗ പ്രതിനിധി സഭയിലേക്കും 315 അംഗ സെനറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ്.
Next Story

RELATED STORIES

Share it