World

ഇറാന്‍ വിഷയത്തില്‍ രക്ഷാസമിതി യോഗം: യുഎസിന് വിമര്‍ശനം

ന്യൂയോര്‍ക്ക്്: ഇറാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെ യുഎസ് മുതലെടുക്കുകയാണെന്നു റഷ്യ യുഎന്‍ രക്ഷാസമിതിയില്‍. ഇറാനുമായുള്ള ആണവകരാറിനെ ഇല്ലാതാക്കാനാണ് യുഎസ് ഇതിലൂടെ ശ്രമിക്കുന്നതെന്നും റഷ്യ അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം അവസാനത്തോടെ ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനു ചേര്‍ന്ന രക്ഷാസമിതി പ്രത്യേക യോഗത്തിലാണ് റഷ്യയുടെ പ്രതികരണം. രക്ഷാസമിതിയെ യുഎസ് തെറ്റായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഇറാനിലെ പ്രശ്‌നങ്ങളെ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും യുഎന്നിലെ റഷ്യന്‍ അംബാസഡര്‍ വാസിലി നെബെന്‍സ്യ പറഞ്ഞു. രക്ഷാസമിതി യോഗത്തിനു പിറകിലെ യഥാര്‍ഥ കാരണം മനുഷ്യാവകാശം സംരക്ഷിക്കലോ, ഇറാന്‍ ജനതയുടെ താല്‍പര്യങ്ങളെ പിന്തുണയ്ക്കലോ അല്ല. ഇറാന്‍ ആണവകരാര്‍ നശിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഈ യോഗമെന്നും നെബെന്‍സ്യ പറഞ്ഞു. ഇറാന്‍പ്രശ്‌നം ചര്‍ച്ചചെയ്യേണ്ട യഥാര്‍ഥ വേദി രക്ഷാസമിതിയാണോ എന്ന ചോദ്യം ചൈനയടക്കമുള്ള മറ്റ് അംഗരാജ്യങ്ങളും ഉന്നയിച്ചു. സമിതിയിലെ സ്ഥിരാംഗമെന്ന പദവി യുഎസ് ദുരുപയോഗം ചെയ്യുന്നതായി ഇറാന്‍ അംബാസഡര്‍ ഗുലാമലി ഖുഷ്‌റു അഭിപ്രായപ്പട്ടു. ഇറാനിലെ പ്രക്ഷോഭം വിദേശത്തുനിന്നാണ് നിയന്ത്രിക്കപ്പെടുന്നത് എന്നതിന്റെ തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് അനാവശ്യമായി കൈകടത്തുന്നതായി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇറാനിലെ പ്രക്ഷോഭങ്ങള്‍ അന്താരാഷ്ട്ര സുരക്ഷയെ ബാധിക്കുന്നതല്ലെന്നും ഇക്കാര്യത്തില്‍ രക്ഷാസമിതിയോഗം ചേരേണ്ട ആവശ്യമില്ലെന്നും ഫ്രഞ്ച് അംബാസഡര്‍ ഫ്രാന്‍സ്വെ ദിലാത്ര് പറഞ്ഞു. ഇറാനില്‍ നടക്കുന്നത് ധീരമായ ജനകീയ പ്രക്ഷോഭമാണെന്നു യുഎസിന്റെ യുഎന്‍ അംബാസഡര്‍ നിക്കി ഹാലി രക്ഷാസമിതിയില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ഹാലിയുടേത് തികച്ചും നിരുത്തരവാദപരമായ അഭിപ്രായമാണെന്ന് നെബെന്‍സ്യ പ്രതികരിച്ചു. രാജ്യാന്തരപ്രശ്‌നത്തില്‍ യുഎസിന്റെ എടുത്തുചാടിയുള്ള പ്രതികരണം രക്ഷാസമിതിയുടെ വിശ്വാസ്യതയെപ്പോലും തകര്‍ക്കുന്നതാണെന്നും റഷ്യന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഇറാനിലെ ആഭ്യന്തരപ്രശ്‌നത്തില്‍ രാക്ഷാസമിതി ചേരുകയാണെങ്കില്‍ 2014ല്‍ ആഫ്രിക്കന്‍ അമേരിക്കനായ കൗമാരക്കാരന്‍ മൈക്കല്‍ ബ്രൗണിനെ പോലിസ് വെടിവച്ചുകൊന്നതിനെത്തുടര്‍ന്ന് യുഎസിലുണ്ടായ പ്രക്ഷോഭങ്ങളെക്കുറിച്ചും സമിതി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ടതായിരുന്നെന്നും നെബെന്‍സ്യ പറഞ്ഞു. അതേസമയം, ഇറാനില്‍ തുടര്‍ച്ചയായ നാലാം ദിവസവും സര്‍ക്കാര്‍ അനുകൂലികള്‍ റാലികള്‍ നടത്തി.  അമേരിക്കയ്ക്ക് അന്ത്യം, ഇസ്രായേലിന് അന്ത്യം, ബ്രിട്ടന് അന്ത്യം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് സര്‍ക്കാര്‍ അനുകൂലികള്‍ റാലികളില്‍ പങ്കെടുത്തത്. ഇറാനിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം ഒരാഴ്ചയോളം പിന്നിട്ട ശേഷമാണ് സര്‍ക്കാര്‍ അനുകൂലികള്‍ പ്രകടനം നടത്താന്‍ ആരംഭിച്ചത്. കഴിഞ്ഞമാസം അവസാനം ആരംഭിച്ച പ്രക്ഷോഭത്തിനിടെ 22 പേര്‍ കൊല്ലപ്പെടുകയും 1000ലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. 80ഓളം നഗരങ്ങളിലേക്കു പ്രക്ഷോഭം വ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it