World

ഇറാന്‍ വിമാനാപകടം: അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചന

തെഹ്‌റാന്‍: 60 യാത്രക്കാരും ആറു ജീവനക്കാരുമടക്കം 66 പേരുടെ മരണത്തിനിടയാക്കിയ ഇറാന്‍ വിമാനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സംഭവസ്ഥലത്ത് നിന്നു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി സൂചനയുണ്ട്.
അഞ്ച് ഹെലികോപ്റ്ററുകളും അഞ്ച് ഡ്രോണുകളും ആംബുലന്‍സുകളുമാണ് സംഭവസ്ഥലത്തെത്തിയിട്ടുള്ളത്. മോശം കാലാവസ്ഥ മൂലമാണ് അപകടമെന്നും ഇപ്പോള്‍ കാലാവസ്ഥ അനുകൂലമായതിനാല്‍ അപകടസ്ഥലത്ത് തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക മാധ്യമം റിപോര്‍ട്ട് ചെയ്തു. 14435 അടി ഉയരത്തിലുള്ള ദിന മലയോര മേഖലയില്‍ നടക്കുന്ന തിരച്ചിലിന്റെ ദൃശ്യങ്ങളും മാധ്യമം പുറത്തുവിട്ടു. എന്നാല്‍, സ്വകാര്യ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നു യസൂജിലേക്ക് പുറപ്പെട്ട വിമാനമാണ് കഴിഞ്ഞ ദിവസം മധ്യ ഇറാനിലെ സെമിറോം നഗരത്തിനു സമീപത്തെ ദിന മലയോര മേഖലയില്‍ തകര്‍ന്നുവീണത്.
ഇറാന്‍ അസീമാന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. ഞായറാഴ്ച രാവിലെ അഞ്ചിന് തെഹ്‌റാനില്‍ നിന്നു പറന്നുയര്‍ന്ന വിമാനം 50 മിനിറ്റിനു ശേഷം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. ലക്ഷ്യസ്ഥാനമായ യസൂജിലേക്കെത്താന്‍ 185 കിലോമീറ്റര്‍ അവശേഷിക്കെയാണ് അപകടം. അപകടത്തില്‍പ്പെട്ട എടിആര്‍-72 ഇരട്ട എന്‍ജിന്‍ വിമാനം ഹ്രസ്വദൂര യാത്രയ്ക്കാണ് ഉപയോഗിച്ചിരുന്നത്. മോശം കാലാവസ്ഥയാണ് വിമാനത്തിന്റെ തകര്‍ച്ചയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍, ദുരന്തത്തില്‍പ്പെട്ട വിമാനം സാങ്കേതികത്തകരാര്‍ നേരിട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it