World

ഇറാന്‍ പ്രക്ഷോഭം; മരണം 21 ആയി

തെഹ്‌റാന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. ഇസ്ഫഹാന്‍ പ്രവിശ്യയില്‍  പ്രക്ഷോഭത്തിനിടെ തിങ്കളാഴ്ച രാത്രി— ഒരു കുട്ടി അടക്കം ഒമ്പതുപേര്‍ മരിച്ചതായി ഔദ്യോഗിക ടെലിവിഷന്‍ റിപോര്‍ട്ട് ചെയ്തു.
പ്രക്ഷോഭകര്‍ പോലിസ് സറ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഖുമൈനിഷറില്‍ രണ്ടു പേരും കൊല്ലപ്പെട്ടിട്ടുണ്ട്. 11 വയസ്സായ കുട്ടിയും 20കാരനായ യുവാവുമാണ് കൊല്ലപ്പെട്ടത്. നജഫാബാദ് പ്രവിശ്യയില്‍ റവലൂഷനറി ഗാര്‍ഡിലെ സൈനികനും പോലിസുകാരനും കൊല്ലപ്പട്ടതായും റിപോര്‍ട്ടുണ്ട്. റവലൂഷനറി ഗാര്‍ഡ് സൈനികന്‍ മരിച്ചതിന് സ്ഥിരീകണം ലഭിച്ചിട്ടില്ലെന്ന് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
അതേസമയം, രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ വിദേശ ശക്തികളാണെന്ന് ഇറാന്‍ ആത്മീയ നേതാവ് ആയത്തുല്ലാ അലിഖാംനഈ ആരോപിച്ചു. കഴിഞ്ഞ വ്യാഴാഴ്ച പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം ആദ്യമായി പ്ര—തികരിക്കുകയായിരുന്നു അദ്ദേഹം. കുറച്ചു ദിവസമായി ശത്രുക്കള്‍ രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ പണം, ആയുധങ്ങള്‍, രാഷ്ട്രീയം, ചാര സംഘടനകള്‍ എന്നിവ ഉപയോഗപ്പെടുത്തുകയാണ്.  അനുയോജ്യമായ സമയത്ത് ഇതു സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റില്‍  അറിയിച്ചു. പ്രക്ഷോഭത്തിനിടെ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്നുമാത്രം 450 പേര്‍ അറസ്റ്റിലായതായി ഡെപ്യൂട്ടി ഗവര്‍ണര്‍ ജനറല്‍ പറഞ്ഞു.
പ്രക്ഷോഭം ഒരു അവസരമാണെന്നും ഭീഷണിയല്ലെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഡിസംബര്‍ 28നാണ് ഇറാനിലെ രണ്ടാമത്തെ പ്രധാന നഗരമായ മഷ്ഹദില്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും ആരോപിച്ച് പ്രക്ഷോഭം ആരംഭിച്ചത്. തുടര്‍ന്ന്, സമരം മറ്റു നഗരങ്ങളിലേക്കു വ്യാപിച്ചു. 2009ലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രക്ഷോഭമാണിത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തിരഞ്ഞെടുപ്പില്‍ അന്ന് 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it