ഇറാനില്‍ സൈനിക പരേഡിനു നേരെ വെടിവയ്പ്; 29 മരണം

തെഹ്‌റാന്‍: ഇറാനില്‍ സൈനിക പരേഡിനു നേര്‍ക്കുണ്ടായ വെടിവയ്പില്‍ റവല്യൂഷനറി ഗാ്വര്‍ഡ് സേനാംഗങ്ങളടക്കം 29 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ നഗരമായ അഹ്‌വാസില്‍ നടന്ന സൈനിക പരേഡിനു നേര്‍ക്ക് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 1980 മുതല്‍ 88 വരെ നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധത്തിന്റെ വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് സൈനിക പരേഡ് സംഘടിപ്പിച്ചത്.
ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. ആക്രമണം നടത്തിയവര്‍ക്ക് രാഷ്ട്രീയവും ഭൗതികവും സാമ്പത്തികവുമായ പിന്തുണ നല്‍കിയവരും ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റവല്യൂഷനറി ഗാര്‍ഡ് അംഗങ്ങളും പരേഡ് വീക്ഷിക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
അക്രമികളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ഖുസെയ്ന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അലി ഹുസയ്ന്‍ ഹുസയ്ന്‍ സാദെ അറിയിച്ചു. പരേഡ് നടക്കുമ്പോള്‍ ഏതാനും തോക്കുധാരികള്‍ പിറകില്‍ നിന്നു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഒരു വിദേശ ഭരണകൂടമാണ് ആക്രമണത്തിനു പിറകിലെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി ജാവീദ് ശരീഫ് ആരോപിച്ചു. എന്നാല്‍, ഏതു രാജ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അഹ്‌വാസി വിഘടന പ്രസ്ഥാനമാണ് ആക്രമണത്തിനു പിറകിലെന്ന് റവല്യൂഷനറി ഗാര്‍ഡ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സൗദി അറേബ്യയാണ് സംഘടനയ്ക്കു സഹായം നല്‍കുന്നതെന്നും റിപോര്‍ട്ടുകളില്‍ പറയുന്നു. ഇറാനിലെ എണ്ണസമ്പന്നമായ ചില മേഖലകളെ രാജ്യത്തു നിന്നു വേര്‍തിരിക്കാനാണ് അഹ്‌വാസി സംഘടന ശ്രമിക്കുന്നതെന്നും റവല്യൂഷനറി ഗാര്‍ഡ്‌സ് ആരോപിച്ചു.

Next Story

RELATED STORIES

Share it