Flash News

ഇരു കൊറിയകളും സമാധാന ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നു

സോള്‍: ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായി ഉത്തരകൊറിയ. രണ്ടുവര്‍ഷത്തിനുശേഷം ആദ്യമായാണ് കൊറിയന്‍ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നത്. ഈമാസം ഒമ്പതിന് അതിര്‍ത്തി ഗ്രാമമായ പന്‍മുജോയില്‍ ആണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ദക്ഷിണകൊറിയയില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സിലെ ഉത്തരകൊറിയയുടെ പങ്കാളിത്തവും ചര്‍ച്ചചെയ്യും. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൈനിക രഹിത മേഖലയിലാണ് ചര്‍ച്ച .ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് തയ്യാറായതിനെ തുടര്‍ന്ന് യുഎസ്-ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചര്‍ച്ച സംബന്ധിച്ച് അറിയിപ്പ് ദക്ഷിണകൊറിയന്‍ മന്ത്രാലയം ഉത്തരകൊറിയക്ക് അയച്ചു. 2015ലാണ് അവസാനമായി കൊറിയകള്‍ തമ്മില്‍ ചര്‍ച്ച നടന്നത്.പുതുവല്‍സര പ്രസംഗത്തിലാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിങ് ജോങ് ഉന്‍ ദക്ഷിണകൊറിയയുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശൈത്യകാല ഒളിംപിക്‌സില്‍ പങ്കാളികളാവാന്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചത്.രണ്ടുവര്‍ഷം മുമ്പ് വിച്ഛേദിച്ച ഉത്തരകൊറിയ - ദക്ഷിണകൊറിയയുമായുള്ള ഹോട്ട്‌ലൈന്‍ കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു. അതേസമയം, സമാധാന ചര്‍ച്ചയെ ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്വാഗതംചെയ്തു. ഇരു കൊറിയകളും പങ്കെടുക്കുന്ന ചര്‍ച്ചയിലേക്ക് പ്രതിനിധിയെ അയക്കുമെന്നും ചൈന വ്യക്തമാക്കി. ഉത്തരകൊറിയ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്ന് ജപ്പാന്‍ പ്രതിരോധമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ പ്രതിരോധം ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it